മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയതിലും വ്യവസായി മൻസുഖ് ഹിരാൻ കൊല്ലപ്പെട്ടതിലും ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. സന്തോഷ് ഷെലാർ, ആനന്ദ് ജാദവ് എന്നിവരാണ് പിടിയിലായത്.
also read: അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച കാര്‍
കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂൺ 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മുംബൈ മാലാഡില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. തെക്കൻ മുംബൈയിലെ അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച് വാഹനം കൊണ്ടിടാനുള്ള ഗൂഡാലോചനയിൽ ഇവർ പങ്കാളികളാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 25 നാണ് അംബാനിയുടെ വസതിയായ ആന്‍റീലിയയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി മുന്‍സുഖ് ഹിരാനെ കൊലപ്പെടുത്തിയതിലും ഇവർക്ക് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസി സംശയിക്കുന്നു. മാർച്ച് അഞ്ചിനാണ് താനെയില്‍ ഹിരാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.