അഹമ്മദാബാദ് : കച്ച് ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് കച്ച്) ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു. എണ്ണ/രാസ ടാങ്കർ ( oil/chemical tanker) എംവി അറ്റ്ലാന്‍റിക് ഗ്രേസും ബൾക്ക് കാരിയറായ (bulk carrier ) എംവി ഏവിയേറ്ററുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്‌ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസില്‍ നിന്നുമുള്ള 44 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധനച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ മലിനീകരണ നിയന്ത്രണ കപ്പലായ ഐസിജിഎസ് സമുദ്ര പാവക് എണ്ണ മലിനീകരണം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾക്കും വേണ്ടി ഇവിടേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്.
പ്രദേശത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) തുടർച്ചയായി നിരീക്ഷണം ഏര്‍പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുജറാത്തിലെ ഓഖയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് മാർഷൽ ഐലൻഡിൽ നിന്നും വരുന്ന എംവി ഏവിയേറ്ററും ഹോങ്കോങ്ങില്‍ നിന്നും വരുകയായിരുന്ന എംവി അറ്റ്ലാന്‍റികും കൂട്ടിയിടിച്ചത്. എംവി അറ്റ്ലാന്‍റിക്‌സിലെ 22 ജീവനക്കാര്‍ ഇന്ത്യാക്കാരും എംവി ഏവിയേറ്ററിലെ 22 ജീവനക്കാര്‍ ഫിലിപ്പീൻസില്‍ നിന്നുള്ളവരുമാണ്.