ദിണ്ഡികല്‍ : അക്രമകാരിയായ 'കുട്ടായി കൊമ്പനെ' തളച്ച് വീണ്ടും കാട്ടിലയയ്ക്കുന്നതിനായി രണ്ട് കുങ്കി ആനകളെ നിയോഗിച്ച് തമിഴ്നാട് വനംവകുപ്പ്. ടോപ്‌സ്ലിപ്പ് ആനക്യാമ്പിലെ രണ്ട് കുങ്കി ആനകളെയാണ് വകുപ്പ് നിയോഗിച്ചിരിക്കുന്നത്. 57 വയസ്സുള്ള സലീം മൂന്ന് ദിവസം മുമ്പ് എത്തിയിരുന്നു. ഞായറാഴ്ച ചിന്നത്തമ്പി എന്ന മറ്റൊരു ആനയെയും എത്തിച്ചു.
കൃഷിഭൂമിയില്‍ അടക്കം നാശം വിതയ്ക്കുന്ന കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്ത് എത്തിയതോടെയാണ് തീരുമാനം. ദിണ്ടിഗലിലെ പന്ന്രിമല, അഴകുമല, തേനിമല, കോമ്പായി, പന്നൈപ്പട്ടി പ്രദേശങ്ങളിലാണ് കൊമ്പന്‍ നാശം വിതച്ചത്.
ആനയെ തിരികെ കാട്ടില്‍ കയറ്റാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ആനയെ കാട്ടിലയയ്ക്കാനായി കുങ്കി ആനകളെ സര്‍ക്കാര്‍ നിയോഗിച്ചത്. താണിമയിൽ - ധർമത്തുപ്പട്ടി മെയിൻ റോഡില്‍ കഴിഞ്ഞ ദിവസം ആനയെ കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് എത്തിയെങ്കിലും ആന കാട്ടിലൊളിച്ചു. ഇതോടെ കൂട്ടായി കൊമ്പനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.