ഛത്തർപൂർ : മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തർപൂരിലെ ബക്‌സ്വാഹ പൊലീസ് സ്റ്റേഷൻ പരിധിയലാണ് സംഭവം. പരിക്കേറ്റവരെ ദമോഹ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : 'ഛത്തർപൂരിലെ കാരിക്കും കച്ചാർ വില്ലേജിനും ഇടയിൽ വനംവകുപ്പിന്‍റെ ഭൂമിയില്‍ കമ്പിവേലി സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. പണി പുരോഗമിക്കുന്നതിനിടെ മഴ പെയ്‌തു. മഴ ശക്തമായതോടെ തൊഴിലാളികൾ മരങ്ങൾക്കടിയിൽ അഭയം പ്രാപിച്ചു. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ മോഹ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു' -സ്റ്റേഷൻ ഇൻചാർജ് അറിയിച്ചു.
ഇടിമിന്നലേറ്റ് മരണങ്ങൾ : ബിഹാറിൽ കഴിഞ്ഞയാഴ്‌ച (ജൂലൈ 15ന്) 24 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. 24 മണിക്കൂറിനിടെയാണ് 24 പേർ മരിച്ചെന്ന അനൗദ്യോഗിക കണക്ക് പുറത്തുവന്നത്. നിരവധി പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റു.
ഒമ്പത് പേർ മരിച്ചുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളിൽ അഞ്ച് പേർ റോഹ്താസ് ജില്ലയിലെ സസാറം പ്രദേശത്തെയും നാല് പേർ അർവാളിലെയും താമസക്കാരണ്. എന്നാല്‍ പട്‌ന, റോഹ്താസ്, അർവാൾ, മുസാഫർപൂർ, നളന്ദ, ഔറംഗബാദ്, വൈശാലി തുടങ്ങിയ ജില്ലകളിലും ഇടിമിന്നലേറ്റ് മരണം സംഭവിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്.
More read : Lightning in Bihar | ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ 24 മരണം ; നിരവധി പേർക്ക് പരിക്ക്
ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഹായധനം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 4 ലക്ഷം രൂപ ധനസഹായം നൽകാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ജൂലൈ 8ന് ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ വ്യത്യസ്‌ത പ്രദേശങ്ങളിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് മുൻപ് ജൂലൈ 4 ന് സംസ്ഥാനത്തെ അസംഗഡ് ജില്ലയിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇടിമിന്നലേറ്റ് അസംഗഡ്, ഗാസിപൂർ ജില്ലകളിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂൺ അവസാനത്തോടെ ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേരാണ് മരിച്ചത്. നവാഡ സ്വദേശികളായ മൂന്ന് പേരും ഷെയ്‌ഖ്‌പുര - ലഖിസാരായിയില്‍ നിന്നുള്ള രണ്ട് പേരും ഗയയിലെ താമസക്കാരായ രണ്ടുപേരും മുൻഗറില്‍ നിന്നുള്ള രണ്ട് പേരും ജാമുയി, സിവാൻ, കതിഹാർ, ഖഗാരിയ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇതില്‍ ആറ് പേര്‍ക്ക് വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
മുന്നറിയിപ്പ് : കാലാവസ്ഥ മോശമാകുന്ന സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെയും ചെടികളുടെയും ചുവട്ടിൽ അഭയം പ്രാപിക്കാതിരിക്കുക.