ഗുവാഹത്തി : അസമിലെ ഡാരംഗ് ജില്ല ഭരണകൂടം നടത്തിയ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവയ്‌പ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സിപജ്ജർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധൽപൂരിലാണ് സംഭവം.
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ അനുഗമിച്ച പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി കയ്യേറ്റം ചെയ്യപ്പെട്ട 77,420 ബിഗാസ് സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ പോയതാണെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം.
Also Read: പടക്കപ്പൽ കരകയറുന്നു, ഇനി ആലപ്പുഴയിലേക്ക്
ധൽപൂർ നമ്പർ 1, ധൽപൂർ നമ്പർ 2 പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ പ്രദേശവാസികൾ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നാട്ടുകാരിൽ ചിലർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞപ്പോൾ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
മുളവടിയടക്കമുള്ളവ ഉപയോഗിച്ച് പ്രദേശവാസികളിൽ ചിലർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാലാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥരെ വിദഗ്‌ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബിജെപി ഭരണത്തിലുള്ള അസം സർക്കാർ ഈ വർഷം ജൂൺ മുതലാണ് കുടിയൊഴിപ്പിക്കലിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതുവരെ ഏകദേശം 8000 ബിഗാസ് ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്.