ഖര്‍ഗോണ്‍ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ നാല് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. രാകേഷ് എന്നറിയപ്പെടുന്ന പ്രകാശ് യാദവ് (32), വിവേക് (25) എന്നിവരെയാണ് ഖര്‍ഗോണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. 50, 200, 500, 2000 നോട്ടുകളുടെ 449 വ്യാജ നോട്ടുകളും അച്ചടിക്കാന്‍ ഉപയോഗിച്ച സ്‌കാനർ, പ്രിന്‍റർ, മറ്റ് സാമഗ്രികള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ശാസ്‌ത്രി നഗറിലെ വിവിധ കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. നഗരത്തില്‍ കള്ള നോട്ടടിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. രാകേഷാണ് ഇതിന്‍റെ സൂത്രധാരനെന്ന് പൊലീസ് അറിയിച്ചു.
ഐടി എഞ്ചിനീയറാണ് രാകേഷ്. കൊവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ട രാകേഷിന് ഓണ്‍ലൈന്‍ ഗെയിമിലൂടെ അഞ്ച് ലക്ഷം രൂപ കടബാധ്യതയായി. തുടര്‍ന്നാണ് കള്ള നോട്ടടിക്കാന്‍ തീരുമാനിച്ചത്. യൂട്യൂബില്‍ നോക്കി കള്ള നോട്ടടിക്കാന്‍ പഠിച്ച രാകേഷ് എട്ടംഗ സംഘത്തിന്‍റെ സഹായത്തോടെയാണ് വ്യാജ നോട്ടുകള്‍ വിതരണം ചെയ്‌തിരുന്നത്.
എട്ട് ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ സംഘം ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗ്രാമീണ മേഖലയിലും പെട്രോള്‍ പമ്പുകളിലുമാണ് കള്ളനോട്ടുകള്‍ കൈമാറിയത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഖര്‍ഗോണ്‍ പൊലീസ് അറിയിച്ചു. രാകേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also read: video: 'നോട്ട് മഴ ' പെയ്യിക്കുന്ന അസ്ഥികൂടം; പണം ഇരട്ടിപ്പിക്കല്‍ സംഘത്തെ പിടികൂടി പൊലീസ്