അമൃത്‌സർ: പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ഗുണ്ടാസംഘത്തിലെ രണ്ട് പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജഗ്രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്നിവരാണ് അമൃത്‌സറിലെ ഭക്‌ന ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. സംസ്ഥാന പൊലീസിന്‍റെ ആന്‍റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സാണ് ഏറ്റുമുട്ടൽ നടത്തിയത്.
പൊലീസും അക്രമിസംഘവും തമ്മിൽ തീവ്രമായ വെടിവയ്‌പ്പാണ് ഉണ്ടായത്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ പങ്കുവഹിച്ച എല്ലാവരെയും ഇതിനകം തന്നെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്ന് കൊല്ലപ്പെട്ട രണ്ട് പ്രതികളും ഒളിവിലായിരുന്നു, എജിടിഎഫ് മേധാവി പർമോദ് ബാൻ പറഞ്ഞു.
കൊല്ലപ്പെട്ട പ്രതികളിൽ നിന്ന് ഒരു എകെ 47, ഒരു 30എംഎം പിസ്റ്റൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവ ഫോറൻസിക് സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വെടിവയ്‌പ്പിനെ തുടർന്ന് പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം വെടിവയ്‌പ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനും നിസാര പരിക്കേറ്റിറ്റുണ്ട്. മെയ് 29-ന് പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചായിരുന്നു സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സിദ്ദു മൂസേവാല ഉൾപ്പടെ 424 വിഐപികളുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് സംഭവം.