രാജ്‌സമന്ത് (രാജസ്ഥാന്‍): ഇലക്‌ട്രിക് വേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പെണ്‍ പുള്ളിപുലികള്‍ ചത്തു. രാജ്‌സമന്തിലെ കണ്ട്‌വ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന 11 കെവി ഇലക്‌ട്രിക് കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റാണ് രണ്ട് പെണ്‍ പുലികളും ചത്തത്. കൊല്ലപ്പെട്ട പുലികള്‍ക്ക് മൂന്നും ആറും വയസ് പ്രായം വരും.
പ്രദേശത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ 11 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പിവേലി പൊട്ടിവീണിരുന്നു. ഈ സമയം സമീപത്തെ മാര്‍ബിള്‍ മാലിന്യങ്ങള്‍ തള്ളുന്ന പ്രദേശത്ത് തമ്പടിച്ചിരുന്ന പുലികള്‍ ഇരപിടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇലക്‌ട്രിക് വേലിയില്‍ നിന്നും പൊട്ടിവീണ കമ്പി ഇവരുടെ മേലെയായിരുന്നു വന്നുവീണത്. തല്‍ക്ഷണം തന്നെ ഇരു പുലികളും ചത്തുവീഴുകയായിരുന്നു. പ്രദേശത്ത് ശക്തമായി ഉണ്ടായിരുന്ന ഇടിമിന്നലും കാറ്റും കാരണമുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാവാം ഇലക്‌ട്രിക് കമ്പിവേലി പൊട്ടിവീഴാന്‍ കാരണമെന്നും ഈ സമയം ഇവിടെയെത്തിയ വന്യജീവികള്‍ പൊട്ടിയ ലൈന്‍കമ്പിയില്‍ തട്ടിയതുമാണ് അപകടകാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര സിങ് ചുന്ദാവത്തും വ്യക്തമാക്കി.
സംഭവത്തില്‍ കണ്ട്‌വ ഗ്രാമത്തിന്‍റെ പഞ്ചായത്ത് അധികാരി കാലുറാം ഗുര്‍ജാര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചത്ത പുള്ളി പുലികളുടെ ജഡം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ദിയോഗറിലേക്ക് മാറ്റിയിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം പുലികളുടെ മൃതദേഹം സംസ്‌കരിച്ചതായും ഫോറസ്‌റ്റ് ഓഫിസര്‍ രാജേന്ദ്ര സിങ് ചുന്ദാവത്ത് കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല: അതേസമയം കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജനവാസ മേഖലയിലേക്കിറങ്ങുന്ന പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ക്രമേണ വളരെ വലുതാണ്. മാത്രമല്ല ശൗചാലയങ്ങളുടെ അപര്യാപ്‌തത മൂലം ഗ്രാമനിവാസികള്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവരുന്നത് സംബന്ധിച്ച വാര്‍ത്തകളും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ ബിജ്‌നോറിലുള്ള കാസിവാല ഗ്രാമത്തില്‍ ശൗചാലയങ്ങളില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനത്തിനായി തുറസായ സ്ഥലങ്ങളിലേക്കിറങ്ങുന്ന ആളുകളെ പുള്ളി പുലികള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവത്തില്‍ കഴിഞ്ഞദിവസം ഉള്‍പ്പടെ ഈ മാസത്തില്‍ മാത്രം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പുലിയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് കാസിവാല ഗ്രാമത്തിലെ നാഗിന ടൗണിലെ മിഥ്‌ലേഷ് ദേവി എന്ന 42 കാരിയാണ് അവസാനമായി ഇക്കഴിഞ്ഞ ശനിയാഴ്‌ച പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊലപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയെങ്കിലും ഇവര്‍ക്ക് യുവതിയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. എന്നാല്‍ മിഥ്‌ലേഷ് വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് ജോലിക്കായി പോകുമ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായതെന്ന് ഇവരുടെ ഭര്‍ത്താവ് ഹരി സിങും അറിയിച്ചിരുന്നു.
ശുചിമുറിയില്ലാത്തതും അപകടകാരണം: മരിച്ച സ്‌ത്രീയുടെ വീട്ടില്‍ ശുചിമുറി ഉണ്ടായിരുന്നില്ല എന്നത് വസ്‌തുതയാണെങ്കിലും കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു ഇവര്‍ക്കുനേരെ പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായതെന്നും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അമർ സിങ് പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലൂടെ പുലിയെ നിരീക്ഷിച്ചുവരികയാണെന്നും പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചതായും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗ്രാമത്തിൽ നിർമിച്ച പല ശൗചാലയങ്ങളുടെ പണികളും അപൂർണമാണെന്നും സർക്കാർ പദ്ധതി പ്രകാരം നിർമിച്ച കക്കൂസുകളിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.