പട്‌ന : കുടുംബവഴക്ക് പരിഹരിക്കാൻ വനിത പൊലീസ് സ്റ്റേഷനിലെത്തിയവർ തമ്മിൽ സംഘർഷം. സ്‌ത്രീകളുൾപ്പടെ, രണ്ട് കുടുംബങ്ങൾ തമ്മിലാണ് സ്റ്റേഷന് മുന്നിൽ വച്ച് ഏറ്റുമുട്ടിയത്. ഇരുവിഭാഗക്കാരും തമ്മിൽ ഏറെ കാലമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ കൗൺസിലിങ്ങിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു.
എന്നാൽ സ്റ്റേഷന്‍റെ ഗേറ്റ് കടക്കുന്നതിനു മുമ്പ് തന്നെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീളുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്‌ത്രീകളും വയോധികരും ഉൾപ്പെട്ട സംഘങ്ങൾ തമ്മിൽ മർദിക്കാനും മുടിയിൽ പിടിച്ച് വലിച്ചിഴക്കാനും തുടങ്ങി.
ALSO READ: നടുറോഡിൽ യുവതിക്ക് ക്രൂരമർദനം: കേസെടുത്ത് പൊലീസ്
സംഘത്തിൽപ്പെട്ട ഒരാൾ ബെൽറ്റ് ഊരി സ്‌ത്രീകളെയുൾപ്പടെ മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വഴിയാത്രക്കാര്‍ കണ്ടുനിന്നതല്ലാതെ തടയാൻ ശ്രമിച്ചില്ല. തുടർന്ന് പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. വഴക്കിനെ തുടർന്ന് കൗൺസിലിങ്ങിന് പങ്കെടുക്കാൻ വിസമ്മതിച്ച ഇരു കുടുംബങ്ങളും ഉടൻ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.