ലക്‌നൗ: ഉത്തർ പ്രദേശിൽ അമോണിയ പ്ലാന്‍റിൽ ഗ്യാസ് ചോർച്ച. ഇറ്റൗൻജ പ്രദേശത്തെ ബിന്ദേശ്വരി കോൾഡ് സ്റ്റോറേജിലെ അമോണിയ പ്ലാന്‍റിലാണ് ഗ്യാസ് ചോർച്ചയുണ്ടായത്. ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സീതാപൂർ പ്രദേശവാസികളായ ധർമേന്ദ്ര (28), മിശ്രലാൽ (30) എന്നിവരാണ് മരിച്ചത്. ഇരുവരെയും ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് (കെജിഎംയു) റഫർ ചെയ്തു. അതേസമയം പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തൊഴിലാളികൾ പ്ലാന്‍റിൽ ജോലി ചെയ്യുന്നതിനിടെയാണ് ചോർച്ച. സ്ഫോടനത്തിൽ കോൾഡ് സ്റ്റോറേജിന്‍റെ മുകൾ ഭാഗം പൊട്ടി രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്ലാന്‍റിനുള്ളിൽ കുടുങ്ങി കിടന്ന നിരവധി തൊഴിലാളികളെ പിന്നീട് രക്ഷപ്പെടുത്തി. അപകടത്തെ തുടർന്ന് തൊഴിലാളികൾക്ക് പൊള്ളൽ, ചൊറിച്ചിൽ, ശ്വസന പ്രശ്‌നങ്ങൾ എന്നിവ അനുഭവപ്പെട്ടു. അതേസമയം സംഭവത്തിൽ എംഎൽഎ അവിനാശ് ത്രിവേദി ദുഃഖം പ്രകടിപ്പിക്കുകയും ദുരന്തം ബാധിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചു.