ബെംഗളൂരു : രാജ്യത്ത് കൊവിഡ് മരണം ദിനംപ്രതി വർധിക്കുന്ന സാഹചര്യം നിലനിൽക്കെ ബംഗളൂരുവിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് രണ്ട് പേർ മരിച്ചു. 64 വയസ്സുകാരനും 57കാരിയുമാണ് മരിച്ചത്. ബെംഗളൂരുവിലെ ചിക്‌പേട്ട്, കൊട്ടാലം സ്വദേശികളായ ഇവരിൽ ഒരാൾക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾക്ക് നേരത്തേ രോഗബാധയുണ്ടായിരുന്നു.
Also Read: മധ്യപ്രദേശില്‍ ആശങ്ക സൃഷ്ടിച്ച് കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്
കൊവിഡ് അണുബാധ മൂലം പ്രതിരോധശേഷി നഷ്‌ടപ്പെട്ടവർക്കാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മ്യൂക്കർമൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കണ്ണ്, മൂക്ക്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. തലവേദന, പനി, കണ്ണുകള്‍ക്ക് താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്‌ച ഭാഗികമായി നഷ്‌ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ചിലർക്ക് തലച്ചോറിലേക്കൊ മറ്റേ കണ്ണിലേക്കൊ പടരാതിരിക്കാന്‍ ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്നിരുന്നു.
Also Read: സ്റ്റിറോയിഡുകളുടെ ദുരുപയോഗം ബ്ലാക്ക് ഫംഗസ് ബാധക്ക് കാരണമാകും: എയിംസ് ഡയറക്ടർ
സ്റ്റിറോയ്ഡുകളുടെ ദുരുപയോഗവും ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കാൻ ഇടയാക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. എയിംസിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് 23 രോഗികൾ ചികിത്സയിലാണ്. അതിൽ 20 പേരും കൊവിഡ് പോസിറ്റീവ് ആയവരാണ്. പല സംസ്ഥാനങ്ങളിലും 500ൽ അധികം മ്യൂക്കര്‍മൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.