ശ്രീഹരിക്കോട്ട: 24 മണിക്കൂര്‍ സമയ വ്യത്യാസത്തില്‍ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍ കേന്ദ്ര വ്യവസായ സുരക്ഷ സേനയിലെ (സിഐഎസ്‌എഫ്) രണ്ട് ജീവനക്കാര്‍ ആത്മഹത്യ ചെയ്‌തു. ഛത്തീസ്‌ഗഡ് സ്വദേശിയായ ചിന്താമണി (29), ഉത്തര്‍പ്രദേശ് സ്വദേശിയായ വികാസ് സിങ് (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2021ല്‍ സിഐഎസ്‌എഫ് കോണ്‍സ്‌റ്റബിളായി ജോലിയില്‍ പ്രവേശിച്ചതാണ് ചിന്താമണി. പരിശീലനത്തിന് ശേഷം ശ്രീഹരിക്കോട്ടയിലെ യൂണിറ്റില്‍ ചേര്‍ന്നു. അവധിക്കാലം ആഘോഷിച്ച ശേഷം ഈ മാസം 10നാണ് ചിന്താമണി മടങ്ങി എത്തിയത്.
ഷാറിലെ പിഎംസി റഡാര്‍-1ല്‍ ഞായറാഴ്‌ച (15.01.2023) ഉച്ചയ്‌ക്ക് ഒരു മണിക്കുള്ള ഷിഫ്‌റ്റിന് എത്തിയ ചിന്താമണി രാത്രി 7.30ന് സ്ഥലത്ത് അനിഷ്‌ട സംഭവങ്ങളൊന്നും നടക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് നല്‍കി. അല്‍പസമയത്തിന് ശേഷം സുരക്ഷ സേന പട്രോളിങ് നടത്തവെയാണ് ചിന്താമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ് ചിന്താമണി ആത്മഹത്യ ചെയ്യാനിടയായതെന്ന് കരുതപ്പെടുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയുള്ള സമയത്ത് ഷാറിലെ ആദ്യത്തെ ഗെയിറ്റിലെ കണ്‍ട്രോള്‍ റൂമിലായിരുന്നു സബ് ഇന്‍സ്‌പെക്‌ടര്‍ വികാസ് സിങ് ജോലി ചെയ്‌തത്. വെടിവെയ്‌പ്പ് ശബ്‌ദം കേട്ട് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് വികാസ് സിങിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.