ലക്‌നൗ: യുപിയില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന മീററ്റ്, ഗൗതം ബുദ്ധാ നഗര്‍ സ്വദേശികളായ രണ്ട് പേര്‍ക്കാണ് വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ സാമ്പിളുകളും ശേഖരിച്ചതായി ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
ഡിസംബര്‍ ഒന്‍പതിന് ശേഷം യുകെയില്‍ നിന്നും തിരിച്ചെത്തിയവരുടെ സാമ്പിള്‍ പരിശോധന തുടരുകയാണ്. ഇതുവരെ 2,500 പേരുടെ സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധിച്ചതില്‍ 2,112 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൂടാതെ അലഹബാദില്‍ നടക്കുന്ന മഹാ മേളയില്‍ പങ്കെടുക്കുന്നവരും വൃന്ദാനത്തില്‍ നടക്കുന്ന സെന്‍റ് സമാഗന്‍ പരിപാടിയില്‍ പങ്കെടുക്കുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് അമിത് മോഹന്‍ പ്രസാദ് അറിയിച്ചു.