ബെംഗളൂരു : ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ മൂന്ന് ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതേസമയം ജഡ്ജിമാര്‍ക്ക് 'വൈ'കാറ്റഗറി സുരക്ഷ നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. മധുരയിലെ കോരിപാളയത്ത് നടന്ന പൊതുയോഗത്തിൽ ചിലർ, ഹിജാബ് വിവാദത്തിൽ വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ വധ ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.
Also Read: ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജിക്ക് നേരെ വധഭീഷണി ; കർശന നടപടിയുമായി കര്‍ണാടക ഹൈക്കോടതി
ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. പ്രതികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ തമിഴ്‌നാട് സർക്കാരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാന്‍ സംസ്ഥാന ഡി.ജി.പിയോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. മധുര സംഭവത്തെ അപലപിക്കാത്ത പ്രതിപക്ഷത്തെ കപട മതേതരവാദികൾ എന്നും ബൊമ്മൈ പരിഹസിച്ചു.
സംഭവം നടന്ന് മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും കപട മതേതര ലോബി എന്താണ് മിണ്ടാത്തത്. ഹിജാബ് വിധിയുടെ പേരിൽ ആളുകൾ ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ മിണ്ടാതിരിക്കുന്നത് മതേതരത്വമല്ല, വർഗീയതയാണ്. ഞാൻ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു, എല്ലാവരും മൗനം വെടിഞ്ഞ് വധഭീഷണിക്കെതിരെ പ്രതികരിക്കണമെന്നും ബൊമ്മൈ പറഞ്ഞു. വിഷയത്തിൽ മൂന്ന് തൗഹീദ് ജമാഅത്ത് പ്രവർത്തകർക്കെതിരെ നേരത്തെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു.