ന്യൂഡൽഹി: മധ്യപ്രദേശിലെ ബബിനയിൽ ടി-90 ടാങ്കിന്‍റെ ബാരൽ പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. വ്യാഴാഴ്‌ച(ഒക്‌ടോബര്‍ 6) ബബിനയിൽ ഫീൽഡ് ഫയറിങ് പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ടാങ്ക് കൈകാര്യം ചെയ്‌തിരുന്നത്. സൈനികരെ ഉടൻ തന്നെ ബബിനയിലെ സൈനിക ആശുപത്രിയിലേയ്‌ക്ക് എത്തിച്ചെങ്കിലും രണ്ട് പേർക്ക് മരണം സംഭവിക്കുകയായിരുന്നു. കമാൻഡറും ഹവീർദാറുമാണ് മരണപ്പെട്ടത്.
ഡ്രൈവറാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.