ഹൈദരാബാദ്: ദുരഭിമാനത്തിന്‍റെ പേരിൽ ഭാര്യയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട നാഗരാജ് (25) എന്നയാളുടെ ഭാര്യ അഷ്‌റിൻ സുൽത്താനയുടെ സഹോദരൻ സയ്യിദ് മൊബിൻ അഹമ്മദ്, സുഹൃത്ത് മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിക്കായി കോടതിയിൽ ഹാജരാക്കുമെന്ന് സരൂർനഗർ പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷൻ 302, എസ്‌സി/എസ്‌ടി ആക്‌ട് എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം ഉടൻ പൂർത്തിയാക്കും. തുടർന്ന് വിചാരണ ഉടൻ പൂർത്തിയാക്കാൻ അതിവേഗ കോടതിയിൽ അപേക്ഷ നൽകും. മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും നൽകുമെന്ന് എൽബി നഗർ ഡിസിപി പറഞ്ഞു.
ബുധനാഴ്‌ച രാത്രിയാണ് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇരുമ്പ് വടികൊണ്ടുള്ള മർദനത്തെ തുടർന്ന് യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഏഴുവർഷമായി പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിൻ സുൽത്താനയും ജനുവരി 31നാണ് വിവാഹിതരായത്. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന അഷ്‌റിന്‍റെ വീട്ടുകാർ പലപ്പോഴായി നാഗരാജിനെ താക്കീത് ചെയ്‌തിരുന്നു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹം ചെയ്‌തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹത്തെ തുടർന്ന് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്ന അഷ്‌റിന്‍റെ കുടുംബാംഗങ്ങൾ നാഗരാജിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. ശേഷം ബുധനാഴ്‌ച രാത്രി കോളനിയിൽ നിന്ന് ദമ്പതികൾ പുറത്തേക്കിറങ്ങിയ സമയം അഷ്‌റിന്‍റെ സഹോദരനും സുഹൃത്തും ബൈക്കിൽ പിന്തുടർന്നെത്തി നാഗരാജിനെ ആക്രമിക്കുകയായിരുന്നു.
Also Read: ദുരഭിമാനക്കൊല: ഹൈദരാബാദിൽ യുവതിയുടെ കൺമുന്നിൽ ഭർത്താവിനെ വെട്ടിക്കൊന്നു