ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഇന്ത്യയിലും; പ്രതിമാസം 650 രൂപ മുതല്‍ - ഇന്ത്യയില്‍ ട്വിറ്റർ ബ്ലൂ ടിക്
നിരവധി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നിലവിൽ ഇന്ത്യയുൾപ്പടെ ആറ് രാജ്യങ്ങളിലേയ്‌ക്കാണ് വ്യാപിപ്പിച്ചത്.

ന്യൂഡൽഹി: ഇന്ത്യയിലേയ്‌ക്കും ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം വിപുലീകരിച്ച് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ. ഇന്ത്യയിൽ ബ്ലൂ വെരിഫിക്കേഷനോട് കൂടിയ സേവനത്തിന് വെബിൽ 650 രൂപയും ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിൽ 900 രൂപ വരെയുമാണ് കമ്പനി ഈടാക്കുക. അതേസമയം പ്രതിവർഷത്തേയ്‌ക്ക് 6,800 രൂപയുടെ ഒരു വാർഷിക പ്ലാനും ഇലോൺ മസ്‌ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
അമേരിക്ക, കാനഡ, ജപ്പാൻ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിലുൾപ്പടെ 15 രാജ്യങ്ങൾക്കായിരുന്നു ട്വിറ്ററിന്‍റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ലഭ്യമായിരുന്നത്. നിലവിൽ ഇന്ത്യ കൂടാതെ ബ്രസീൽ, ഇന്ത്യോനേഷ്യ തുടങ്ങി ആറ് രാജ്യങ്ങളിലേയ്‌ക്കും ട്വിറ്റർ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് എട്ട് ഡോളറും ഐഫോൺ ഉപഭോക്താക്കൾക്ക് 11 ഡോളറുമാണ് പ്രതിമാസം ട്വിറ്റർ ബ്ലൂ ടിക് സേവനത്തിനായി നൽകേണ്ടത്.
ഇത്തരം ഉപഭോക്താക്കൾക്ക് 4000 കാരക്‌ടറുകൾ വരെ ഉള്ള ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യാനും ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം ലഭിക്കും. ഇഷ്‌ടാനുസൃത ആപ്പ് ഐക്കണുകൾ, ഇഷ്‌ടാനുസൃത നാവിഗേഷൻ, ട്വീറ്റ് പഴയപടിയാക്കുക, ദൈർഘ്യമേറിയ വീഡിയോ അപ്‌ലോഡ് തുടങ്ങിയ സെവനങ്ങളും ബ്ലൂ ടികിലൂടെ ട്വിറ്റർ വാദ്‌ഗാനം ചെയ്യുന്നു. കൂടാതെ സാധാരണ വരുന്നതിനേക്കാൾ 50 ശതമാനം പരസ്യങ്ങൾ മാത്രമാണ് ഇത്തരം അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടുകയുള്ളൂ.
ട്വിറ്റർ വെരിഫിക്കേഷൻ ഫോർ ഓർഗനൈസേഷൻസ് എന്ന പേരിൽ മറ്റൊരു സേവനവും ട്വിറ്റർ ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിലെ ബിസിനസ് സ്ഥാപനങ്ങൾക്കുള്ളതാണ് ഈ സേവനം.