ന്യൂഡൽഹി: പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ വീണ്ടും നിരോധിച്ചു. നിയമപരമായ കാരണങ്ങളാൽ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ ദൃശ്യമാകുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പാക് സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുന്നത്. നേരത്തെ ജൂലൈയിലും അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചിരുന്നുവെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും സജീവമാക്കുകയായിരുന്നു.
ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാധുതയുള്ള അഭ്യർഥന ലഭിക്കുകയാണെങ്കിൽ ചില രാജ്യങ്ങളിലെ അക്കൗണ്ടുകളിലെ ഉള്ളടക്കത്തിലേക്കുള്ള അക്‌സസ് ഇടക്കിടെ തടഞ്ഞ് വയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാമെന്ന് ട്വിറ്റർ വ്യക്‌തമാക്കി. ട്വിറ്റർ മാർഗ നിർദേശങ്ങൾ അനുസരിച്ച് മൈക്രോബ്ലോഗിങ് സൈറ്റുകളിൽ കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ആറ് ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് വാർത്ത ചാനലുകൾ ഐടി മന്ത്രാലയം ഇന്ത്യയിൽ തടഞ്ഞിരുന്നു. കൂടാതെ യുഎൻ, തുർക്കി, ഇറാൻ, ഈജിപ്‌ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകളും ജൂണിൽ ഇന്ത്യയിൽ മരവിപ്പിച്ചിരുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ചാനലുകൾ നിരോധിച്ചതെന്ന് ഐടി മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ 100-ലധികം യൂട്യൂബ് ചാനലുകൾ, 4 ഫേസ്ബുക്ക് പേജുകൾ, 5 ട്വിറ്റർ അക്കൗണ്ടുകൾ, 3 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവ കേന്ദ്ര സർക്കാർ രാജ്യത്ത് ഇതുവരെ നിരോധിച്ചിട്ടുണ്ട്.