അലിഗഡ് : 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസില്‍ അയല്‍വാസിയായ 12കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അലിഗഡിലെ റോവാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന കൗമാരക്കാനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ് ഹോമില്‍ പ്രവേശിപ്പിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 11മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധുവായ പെണ്‍കുട്ടി വീടിന്‍റെ ഉമ്മറത്ത് ഇരുത്തി കളിപ്പിക്കുകയായിരുന്നു.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ : അല്‍പസമയത്തിന് ശേഷം പെണ്‍കുട്ടി, കുട്ടിയെ ഉമ്മറത്ത് ഇരുത്തി വീടിനുള്ളിലേയ്‌ക്ക് പോയി. ഈ സമയം, അയല്‍വാസിയായ 12കാരന്‍ പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുഞ്ഞിനെ വീട്ടിലെത്തിച്ച ഇയാള്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.
രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 12 വയസുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. നിയമ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ ഉടന്‍ ജുവനൈല്‍ ജസ്‌റ്റിസ് ഹോമില്‍ പ്രവേശിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരില്‍ പൊലീസ് ഉദ്യോഗസ്ഥരും : അതേസമയം, രാജസ്ഥാനിലെ ജയ്‌പൂരില്‍ കോച്ചിങ് ക്ലാസിലേയ്‌ക്ക് പോവുകയായിരുന്ന 20 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. അതേസമയം, സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ് ചെയ്‌ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇരയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പകല്‍ കോച്ചിങ് ക്ലാസിലേയ്‌ക്ക് തിരിച്ച യുവതി പതിവായി മടങ്ങുന്ന സമയം കഴിഞ്ഞും എത്താതിരുന്നതോടെയാണ് യുവതിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് വൈകുന്നേരം തന്നെ ഖജുവാല മേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെതോടെയാണ് കുറ്റവാളികളിലേക്ക് അന്വേഷണം നീളുന്നത്.
മകള്‍ കമ്പ്യൂട്ടര്‍ കോച്ചിങ് സെന്‍ററില്‍ കോച്ചിങ്ങിനായി പോകാറുണ്ടായിരുന്നു. സംഭവദിനം പതിവ് സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ തങ്ങള്‍ അങ്കലാപ്പിലായിരുന്നു. ഈ സമയത്താണ് മകള്‍ പരിക്കേറ്റ നിലയില്‍ ഖജുവാല ആശുപത്രിയിലുണ്ടെന്ന് അറിയിച്ച് ഫോണ്‍കോള്‍ എത്തുന്നത്. താന്‍ അവിടെ എത്തിയപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കോണ്‍സ്‌റ്റബിള്‍മാര്‍ക്കൊപ്പം ദിനേശ് എന്ന മറ്റൊരു യുവാവും പെണ്‍കുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.