ഷിംല: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്‌മയാണെന്നതിന് ഉദാഹരണമായി ഹിമാചൽ പ്രദേശ്. ഒരു പോസ്‌റ്റിലേക്ക് 43 കേന്ദ്രങ്ങളിലായി 22,000 ലധികം ഉദ്യോഗാർഥികളാണ് ജോലിക്കായി അപേക്ഷ സമർപ്പിച്ചത്. ഹിമാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഹമിർപൂരിലെ ജൂനിയർ ഓഫിസ് അസിസ്റ്റന്‍റ് തസ്‌തികയിലേക്ക് റിക്രൂട്ട്‌മെന്‍റിന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഒക്‌ടോബർ ഒൻപതിനാണ് തസ്‌തികയിലേക്കുള്ള പരീക്ഷ നടത്തുന്നത്. ഈ ഒരു തസ്‌തികയിലേക്കാണ് 22,000ലധികം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിച്ചത്. 43 കേന്ദ്രങ്ങളിലായി 12,000 പേർക്കാണ് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
നിലവിൽ 12,000 അപേക്ഷകർ പരീക്ഷ ഫീസ് അടച്ചിട്ടില്ല. അവസാന തീയതിയായ ഒക്‌ടോബർ 3 ന് യഥാക്രമം ഫീസ് അടക്കുന്നതോടെ കൂടുതൽ പേർ പരീക്ഷ എഴുതും.
ഒരു തസ്‌തികയിലേക്ക് മാത്രം റിക്രൂട്ട്‌മെന്‍റ്: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് ജൂനിയർ ഓഫിസ് അസിസ്റ്റന്‍റിന്‍റെ 198 തസ്‌തികകൾ നികത്തുന്നതിനുള്ള വിജ്‌ഞാപനം എച്ച്‌പിഎസ്‌സി പുറത്തിറക്കിയിരുന്നു. എന്നാൽ ഈ തസ്‌തികയിലേക്കുള്ള വിദ്യഭ്യാസ യോഗ്യത 12ഉം കമ്പ്യൂട്ടർ ഡിപ്ലോമയും ആയിരുന്നു. അതേസമയം ഹാമിർപൂരിലെ സാങ്കേതിക സർവകലാശാലയിൽ ജൂനിയർ ഓഫിസ് അസിസ്റ്റന്‍റ് നിയമനത്തിനുള്ള വിജ്‌ഞാപനത്തിൽ യോഗ്യത ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും ആയി നിശ്ചയിച്ചു.
വിദ്യഭ്യാസ യോഗ്യത മുൻനിർത്തിയാണ് ഈ തസ്‌തികയിലേക്ക് പ്രത്യേകം റിക്രൂട്ട്‌മെന്‍റ് നടത്തിയത്. ഒരു പക്ഷേ വിദ്യഭ്യാസ യോഗ്യത പ്ലസ് ടു ആയിരുന്നുവെങ്കിൽ അപേക്ഷകൾ ഇനിയും പതിന്മടങ്ങായി വർധിക്കുമായിരുന്നു.
ഭാഗ്യം പരീക്ഷിച്ച് 10,000 ഉദ്യോഗാർഥികൾ: ഒരു സർക്കാർ പോസ്‌റ്റിലേക്കായി സ്വീകരിച്ച 22,000 ത്തോളം അപേക്ഷകൾ മാത്രം മതി ഹിമാചൽ പ്രദേശിലെ തൊഴിലില്ലായ്‌മ തിരിച്ചറിയാൻ. ഉയർന്ന വിദ്യഭ്യാസ യോഗ്യത ഉള്ളവരാണ് ഇത്തരത്തിൽ ഭാഗ്യ പരീക്ഷണത്തിനായി നിൽക്കേണ്ടി വരുന്നത്. വരും ദിവസങ്ങളിൽ ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ തൊഴിലില്ലായ്‌മ വലിയ പ്രശ്‌നമായി തന്നെ ഉയർത്തിക്കാട്ടിയേക്കാം.