പട്‌ന : ഭഗൽപൂർ- ദാനാപൂർ ഇന്‍റർസിറ്റി എക്‌സ്പ്രസിൽ ടിടിഇയ്ക്ക് ജിആർപി പൊലീസുകാരുടെ ക്രൂരമർദനം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ടിടിഇ ദിനേഷ് കുമാർ സിങ്ങിനെ ക്രൂരമായി മർദിച്ചത്. ട്രെയിനിന്‍റെ എസി ബോഗിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിനേഷ് കുമാർ, സുനിൽ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ അതിൽ രോഷാകുലനായ പൊലീസ് ഉദ്യോഗസ്ഥൻ ടിടിഇയെ മർദിക്കാൻ തുടങ്ങി. ട്രെയിൻ ഭക്തിയാർപൂർ സ്റ്റേഷനിലെത്തിയപ്പോൾ നാല് പൊലീസ് ഉദ്യോഗസ്ഥർ കൂടി എസി കോച്ചിലെത്തുകയും ദിനേഷ് കുമാറിനെ വീണ്ടും മർദിക്കുകയുമായിരുന്നു. ട്രെയിനിൽ നിരവധി യാത്രികർ ഉണ്ടായിരുന്നുവെന്നും എന്നാൽ ആരും തന്നെ സഹായിക്കാൻ എത്തിയില്ലെന്നും ദിനേഷ് കുമാർ പറയുന്നു.
പൊലീസുകാർ ടിടിഇയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ടിടിഇ റെയിൽവേ പൊലീസിൽ രേഖാമൂലം പരാതി നൽകി. അതേസമയം, സീനിയർ ടിടിഇയോട് മോശമായി പെരുമാറിയ ജിആർപി ഇൻസ്‌പെക്‌ടറെ പട്‌ന റെയിൽ എസ്‌പി 'ലൈൻ ഹാസിർ' ആക്കി തരംതാഴ്‌ത്തി.