നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ അപകടം വരുത്തിവച്ച വാഹനത്തിലെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തിയിട്ട് ഓടി രക്ഷപ്പെടുന്നത് നിത്യസംഭവമാണ്. എന്നാല്‍ വാഹനത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് തങ്ങളിലേക്കെത്തുമെന്നറിഞ്ഞും അവര്‍ ഈ നടപടിയിലേക്ക് നീങ്ങുന്നതിന്‍റെ പ്രധാന കാരണം പൊതുജനങ്ങളില്‍ നിന്നും സ്വരക്ഷ നേടാനായാണ്. മാത്രമല്ല പൊലീസിന്‍റെ വലയില്‍ കുരുങ്ങുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യം പോലുള്ള വഴികള്‍ കണ്ടെത്താമെന്ന വിശ്വാസവും ഇവരിലുണ്ടാകാറുണ്ട്.
കഴിഞ്ഞദിവസം ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ഇടിമെപ്പള്ളി വെങ്കിടാചലം മണ്ഡലില്‍ നടന്ന വാഹനാപകടത്തിലും ഡ്രൈവര്‍ സ്വീകരിച്ചത് ഈ മാര്‍ഗം തന്നെയായിരുന്നു. എന്നാല്‍ പ്രാഥമികമായി തന്നെ വാഹനം ഉപേക്ഷിച്ച് കടന്നുകളയുക എന്നതില്‍ നിന്നുമാറി പരമാവധി ദൂരം ആ വാഹനവുമായി പൊലീസിന് മുന്നില്‍ കുതിച്ചുപാഞ്ഞതിന് ശേഷം പിടി വീഴുമെന്നുറപ്പായതോടെ ഇയാള്‍ സമീപത്തുണ്ടായിരുന്ന കനാലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രൈവര്‍ എന്നതിലുപരി താനൊരു നീന്തല്‍വിദഗ്‌ധന്‍ കൂടിയാണെന്നറിയിച്ച് ഇയാള്‍ പൊലീസിനെയും നാട്ടുകാരെയും അത്‌ഭുതപ്പെടുത്തിയെങ്കിലും ഒടുവില്‍ പൊലീസിന്‍റെ വലയില്‍ തന്നെ കുരുങ്ങുകയായിരുന്നു.
Also read: കാറിന് പിന്നിലിടിച്ചത് ചോദ്യം ചെയ്‌തു; ട്രക്ക് ഡ്രൈവര്‍ കാറിനെ വലിച്ചിഴച്ചത് 2 കിലോമീറ്റര്‍
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: ചല്ല കൃഷ്‌ണ എന്ന ട്രക്ക് ഡ്രൈവര്‍ വിഞ്ഞമൂരിലേക്ക് അമിത വേഗത്തില്‍ വാഹനമോടിച്ച് പോവുകയായിരുന്നു. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി പാഞ്ഞ അദ്ദേഹം പൊഡലകുരു മണ്ഡലിലെ തടിപര്‍ത്തിക്ക് അടുത്തെത്തിയപ്പോള്‍ മുന്നില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ചെന്നിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറും നാട്ടുകാരും ഓടിയടുത്തുവെങ്കിലും ഇയാള്‍ വേഗത്തില്‍ സ്ഥലംവിട്ട് പോവുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി മുന്നോട്ടുപോകവെ ഇയാള്‍ റോഡിന് സമീപം നിന്നിരുന്ന കാളയേയും ട്രക്കുമായി ചെന്നിടിച്ചു. ഇത്തവണ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് വാഹനം ട്രക്കിനെ പിന്തുടര്‍ന്നു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ ഇയാള്‍ വാഹനം കുറച്ചുകൂടി വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. എന്നാല്‍ ഒടുവില്‍ പിടിവീഴുമെന്നറിഞ്ഞതുകൊണ്ടു തന്നെ ഇയാള്‍ വഴിയില്‍ വാഹനം ഉപേക്ഷിച്ച് സമീപത്തെ ബേജവാഡ പാപ്പിറെഡ്ഡി കനാലിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് 48 മീറ്റര്‍ വീതിയും രണ്ട് മീറ്ററിലധികം ആഴവുമുള്ള കനാലിലൂടെ കനിഗിരി റിസര്‍വോയറിന് സമീപത്തേക്ക് മുന്നോട്ടുകുതിച്ച കൃഷ്‌ണയെ, പിടികൂടാനെത്തിയ എസ്‌എസ്‌ഐ കെ.നാഗാര്‍ജുന റെഡ്ഡിയും സംഘവും അപകടസാധ്യതയും മൂന്നോട്ടുപോയാലുണ്ടാകുന്ന ഭവിഷ്യത്തും കരയില്‍ നിന്ന് പറഞ്ഞുമനസിലാക്കുകയായിരുന്നു.
നീന്തി തോല്‍പ്പിച്ച് പൊലീസ്: എന്നാല്‍ ഇതെല്ലാം തന്നെ പിടികൂടാനുള്ള പൊലീസിന്‍റെ തന്ത്രങ്ങളാണെന്ന് വിശ്വസിച്ച് ഇയാള്‍ മുന്നോട്ട് തന്നെ നീന്തി. മാത്രമല്ല പൊലീസ് കണ്ടുനില്‍ക്കെ ക്ഷീണിച്ച് ഇയാള്‍ സമീപത്തുണ്ടായിരുന്ന മരത്തിന്‍റെ ചില്ലയിലും മറ്റു പിടിച്ചുനില്‍ക്കുകയും ചെയ്‌തിരുന്നു. ഈ സമയം നീന്തല്‍ വിദഗ്‌ധനായ വെങ്കടേശ്വര്‍ലുവിനെ സഹായത്തിന് വിളിച്ച് പൊലീസ് ചല്ല കൃഷ്‌ണയെ പിടികൂടുകയായിരുന്നു. ഒടുവില്‍ കനാലിലെ വെള്ളത്തിലുണ്ടായ ഉന്തും തള്ളും കഴിഞ്ഞ് വെങ്കടേശ്വര്‍ലു ഇയാളെ സുരക്ഷിതമായി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.