ദസറ ദിനത്തില്‍ സൂര്യന്‍ ജ്വലിച്ചുനില്‍ക്കുന്ന ഉച്ചസമയം, കൃത്യം 1.19, ഭാരത് രാഷ്‌ട്ര സമിതി എന്ന ദേശീയ പാര്‍ട്ടി തെലങ്കാനയില്‍ നിന്ന് ഉദയംകൊണ്ട 'മുഹൂര്‍ത്തം'. ഹൈദരാബാദ് തലസ്ഥാനമായി തെലങ്കാന എന്ന പേരില്‍ ഒരു സംസ്ഥാനം രൂപീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ടിആര്‍എസ് അഥവാ തെലങ്കാന രാഷ്‌ട്ര സമിതി രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു 2001 ഏപ്രില്‍ 27 നാണ് പാര്‍ട്ടി രൂപീകരിച്ചത്. തെലുങ്കര്‍ക്ക്, തെലുങ്ക് നാട് സഫലമാക്കാന്‍ ജന്മംകൊണ്ട ഈ പാര്‍ട്ടിയാണ് കെഎസിആറിന്‍റെ 'ദേശീയ മോഹത്തില്‍' ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) ബിആര്‍എസായി പരിണമിച്ചത്.
കെസിആറെന്ന 'ദേശ് കി നേത': ബിജെപിയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേരത്തേ കെസിആര്‍ വ്യക്തമാക്കിയതാണ്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം നിരവധി സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുകയും ചെയ്‌തിട്ടുണ്ട്. 80 കോടി മുടക്കില്‍ 12 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമടക്കം സര്‍വ സന്നാഹങ്ങളുമായാണ് ബിആര്‍എസ് രൂപീകരിച്ച് കെസിആര്‍ 'ദേശ് കി നേതാ'വായി (ദേശീയ നേതാവ്) സ്റ്റൈല്‍ മാറ്റിപിടിച്ചത്. തെലങ്കാനയുടെ ഭൂപടത്തില്‍ കെസിആറിന്‍റെ പടംവച്ച് ഇതേ എഴുത്തിലാണ് പ്രവര്‍ത്തകര്‍ ദേശീയ പാര്‍ട്ടി പ്രഖ്യാപന ദിവസം പതാക വാനിലുയര്‍ത്തിയത്.
''അധികാരക്കൊതിയില്‍ ഉണ്ടായ പാര്‍ട്ടി'': പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് ഈ ദിവസത്തെ കാണുന്നതെങ്കിലും രൂക്ഷ വിമര്‍ശനങ്ങളാണ് ബിആര്‍എസ് ജന്മംകൊണ്ടതിനെതിരെ ഉയരുന്നത്. പാര്‍ട്ടിയുടെ പേര് മാറ്റിയതിനെ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായാണ് ആക്രമിക്കുന്നത്. രാഷ്‌ട്രീയ അത്യാഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു പാര്‍ട്ടി രൂപീകരിച്ചതെന്നാണ് ഈ രണ്ടുകൂട്ടരുടെയും അഭിപ്രായം. എന്നാല്‍, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കെസിആറിന്‍റെ തീരുമാനത്തെ രണ്ട് കൈയുമടിച്ച് സ്വാഗതം ചെയ്യുകയാണുണ്ടായത്.
തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ വിമര്‍ശനത്തിന് ഒരു മയവും ഉണ്ടായിരുന്നില്ല. തെലങ്കാനയുടെ സ്വത്വത്തെ റാവു കൊന്നൊടുക്കിയെന്നും ടിആര്‍എസ് ബിആര്‍എസാക്കിയത് കുടുംബ തർക്കങ്ങൾ പരിഹരിക്കാനാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. പുറമെ, തെലങ്കാനയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെസിആറിന് ഒരു അർഹതയില്ലെന്നും റാവുവിന്‍റേത് മോശം നീക്കമാണെന്നും അദ്ദേഹം വിമര്‍ശന കുന്തമുന എറിയുകയുണ്ടായി.
ALSO READ | പേര് ഉറപ്പിച്ചു, 'ഭാരത രാഷ്‌ട്ര സമിതി': ടിആര്‍എസ് പുനർ നാമകരണം ചെയ്‌ത് കെസിആർ
തീര്‍ത്തും അബദ്ധമായ സാഹസികതയാണ് കെ ചന്ദ്രശേഖര്‍ റാവു കാണിക്കുന്നതെന്നാണ് തെലങ്കാന ബിജെപി മുഖ്യവക്താവ് കെ കൃഷ്‌ണ സാഗർ റാവുവിന്‍റെ ആരോപണം. സംസ്ഥാന ഭരണം ഖജനാവ് കാലിയായി അമ്പേ പരാജയപ്പെടുമ്പോഴാണ് ഒരു ദേശീയ പാര്‍ട്ടി. 'അബദ്ധ വ്യായാമം' അല്ലാതെ മറ്റൊന്നുമല്ല ഈ നീക്കം. പ്രാദേശിക പാർട്ടിയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത് 1947 മുതലുള്ള പ്രവണതയാണ്. എഐഎഡിഎംകെ, ഡിഎംകെ, ടിഡിപി, എസ്‌പി, ബിഎസ്‌പി, ആർജെഡി, ജെഡിയു, ടിഎംസി, അടുത്തിടെ വന്ന ആം ആദ്‌മി പാർട്ടി എന്നിവ ഇതിന് ഉദാഹരണമാണ്. ഇവയെല്ലാം വന്‍ പരാജയമാണ് നേരിട്ടതെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
അഭിനന്ദിച്ച് ഹൈദരാബാദ് എംപി : ''ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കിയതിന് കെസിആറിന് അഭിനന്ദനങ്ങള്‍. പാര്‍ട്ടിയുടെ പുതിയ തുടക്കത്തിന് എന്‍റെ എല്ലാവിധ ആശംസകളും.'' ഇങ്ങനെയായിരുന്നു ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം.
ടിആർഎസ് പോലെയുള്ള ഒരു സംസ്ഥാന പാർട്ടി ബിആർഎസ് എന്ന് പുനർനാമകരണം ചെയ്‌തത് ദുരനുഭവമായി പില്‍ക്കാലത്ത് മാറുമെന്നാണ് തെലങ്കാന ജനസമിതിയുടെ സ്ഥാപകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എം കോദണ്ഡറാമിന്‍റെ വിലയിരുത്തല്‍. ആന്ധ്രാപ്രദേശിൽ ശക്തമായ സാന്നിധ്യമുള്ള തെലുങ്കുദേശം പാർട്ടിക്ക് (ടിഡിപി) ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്.
വിവാദമായി ടിആര്‍എസ് 'ദസറ സമ്മാനം': ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ടിആര്‍എസ് നല്‍കിയ 'ദസറ സമ്മാനം' വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവു എന്നിവരുടെ പൂമാലയിട്ട വലിയ കട്ടൗട്ടിന് മുന്‍പില്‍ മദ്യക്കുപ്പികളും, കോഴികളും നിരത്തിവച്ച് ഇവ വിതരണം ചെയ്‌തതാണ് സംഭവം.
ഇരുന്നൂറിലധികം ചുമട്ടുതൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും വിതരണം ചെയ്‌തത്. ഭരണകക്ഷി തന്നെ സൗജന്യ മദ്യവിതരണം നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ മദ്യവിതരണത്തിന്‍റെ ദൃശ്യം പ്രചരിച്ചു. ഇത് ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങിയ ടിആര്‍എസിന് ചെറുതല്ലാത്ത ക്ഷീണമാണ് നല്‍കിയത്.
ബിആര്‍എസ് മിഷന്‍ 2023 : തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് 2023ലാണ്. ഇതിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് നന്നായി 'കടന്നുകയറ്റം' നടത്തുന്നുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കം ആഞ്ഞുപരിശ്രമിക്കുന്നുണ്ട്. തെലങ്കാനയിലേത് കുടുംബ ഭരണമാണെന്നും വികസനമില്ലെന്നുമടക്കം ആരോപിച്ചാണ് ഈ ത്രിമൂര്‍ത്തികള്‍ ഉള്‍പ്പടെ ടിആര്‍എസിനെ ഇതുവരെ ആക്രമിച്ചത്.
ഇക്കാര്യം കണക്കിലെടുത്താണ് ദേശീയ വിഷയങ്ങള്‍ അടക്കം ഏറ്റുപിടിച്ച് കെഎസിആര്‍ ഇന്ദ്രപ്രസ്ഥം ലക്ഷ്യംവച്ച് കച്ചകെട്ടി ഇറങ്ങിയത്. മോദി മൂന്നുവട്ടം തെലങ്കാനയില്‍ എത്തിയപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് സ്വീകരിക്കാന്‍ അദ്ദേഹം ആ വഴിക്ക് പോയില്ല എന്നുമാത്രമല്ല കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തനായ വിമര്‍ശകന്‍ കൂടിയായി അദ്ദേഹം പരിണമിച്ചിട്ടുണ്ട്.
തെലുങ്കിനെ അംഗീകരിക്കുമോ 'ഹിന്ദി ഹൃദയ ഭൂമി'?: തെലുങ്ക് പാര്‍ട്ടി, ദേശീയ പ്രവേശനം നടത്തിയെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം എന്തെങ്കിലും ചലനമുണ്ടാക്കാന്‍ അതിന് കഴിയുമോ എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. കെസിആറിനെയും തെലുങ്ക് സ്വത്വമുയര്‍ത്തിയ പാര്‍ട്ടിയെയും ഒരു തരത്തിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ലക്ഷ്യം വികസനങ്ങളുയര്‍ത്തി നീങ്ങല്‍ : തെലങ്കാനയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവച്ച് നീങ്ങാനാണ് മുഖ്യമന്ത്രിയുടെയും ബിആര്‍എസിന്‍റെയും ശ്രമം. നിരവധി ക്ഷേമ പദ്ധതികളിലൂടെ സ്‌ത്രീകൾ, കർഷകർ, പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ പിന്തുണ നേടിയെടുക്കാന്‍ തനിക്കായെന്നാണ് കെസിആറിന്‍റെ വിശ്വാസം. ഈ വിശ്വാസം എല്ലാമാക്കിയാണ് 68 കാരനായ നേതാവിന്‍റെ മുന്നോട്ടുള്ള പോക്ക്.
കർഷകര്‍ക്കായി 'റൈത്തു ബന്ധു', പിന്നാക്ക വിഭാഗങ്ങള്‍ക്കായി 'ദലിത് ബന്ധു', ഗർഭിണികൾക്കും നവജാത ശിശുക്കളുടെ അമ്മമാര്‍ക്കുമായുള്ള കെസിആർ കിറ്റ്, 12,000 രൂപയുടെ സഹായം, പാവപ്പെട്ടവർക്കുള്ള 'ആസാറ പെൻഷന്‍' എന്നിവയാണ് സംസ്ഥാന ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന അഭിമാന പദ്ധതികള്‍.
ബിജെപി ഇതര മുന്നണി ശക്തിപ്പെടുത്താന്‍ ബിആര്‍എസ് : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയെ ശക്തിപ്പെടുത്താന്‍ ബിആര്‍എസിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. ബിജെപി ഇതര സഖ്യത്തിന് കൂടുതല്‍ ഊര്‍ജമേകാന്‍ കെസിആറിന്‍റെ സാന്നിധ്യംകൊണ്ട് കഴിയുമെന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ മുന്‍കാല ഇടപെടലുകള്‍ കണക്കിലെടുക്കുമ്പോള്‍ കാണാനാവുന്നത്.
പ്രതിപക്ഷ ഐക്യം ശക്തമാക്കുന്ന തരത്തിലായിരുന്നു അടുത്തിടെ കെസിആര്‍ നടത്തിയ നീക്കങ്ങള്‍. ജെഡി(എസ്) തലവൻ എച്ച് ഡി ദേവഗൗഡ, എൻസിപിയുടെ ശരദ് പവാർ, ടിഎംസിയുടെ മമത ബാനർജി, എഎപിയുടെ അരവിന്ദ് കെജ്‌രിവാൾ തുടങ്ങി നിരവധി പ്രാദേശിക പാർട്ടി നേതാക്കളുമായി അദ്ദേഹം അടുത്തിടെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബിജെപി ഇതര സഖ്യത്തിന് വേരൂന്നുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍.
അതേസമയം, കോൺഗ്രസില്ലാതെ ഒരു പ്രതിപക്ഷ ഐക്യവും ഉണ്ടാകില്ലെന്നും അത് ബിജെപിയെ സഹായിക്കുന്നതിലേക്ക് എത്തിപ്പെടുമെന്നുമാണ് ഭൂരിപക്ഷം പാര്‍ട്ടികളും കോണ്‍ഗ്രസിനെതിരായി പലപ്പോഴും തിരിയുന്ന കെസിആറിന് നല്‍കിയ ഉപദേശം. ഇക്കാര്യം ഭാവിയില്‍ അദ്ദേഹം ഏത് രൂപത്തില്‍ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ലക്ഷ്യങ്ങള്‍ പലതുണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരായ പോരാട്ടത്തില്‍ കെ ചന്ദ്രശേഖര്‍ റാവുവും ബിആര്‍എസും എങ്ങനെ നീങ്ങിയെന്നത് ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും.