ഹൈദരാബാദ്: 'തെലങ്കാന രാഷ്ട്ര സമിതി'യുടെ (ടിആർഎസ്) പേര് 'ഭാരത് രാഷ്ട്ര സമിതി' (ബിആർഎസ്) എന്നാക്കി മാറ്റാൻ അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. പേര് അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കത്ത് ലഭിച്ചുവെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ഓഫിസ് അറിയിച്ചു. പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിൽ ഇന്ന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി കെസിആറിന്‍റെ തീരുമാനം.
തെലങ്കാന ഭവനിൽ ലഭിച്ച കത്ത് മുഖ്യമന്ത്രി ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അയയ്‌ക്കും. തുടർന്ന് ബിആർഎസ് പതാക മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. ഉദ്ഘാടന ചടങ്ങും നടക്കും.
'ഭാരത് രാഷ്ട്ര സമിതി' രൂപീകരണ ചടങ്ങ്: സംസ്ഥാന പാർട്ടി നിർവാഹക സമിതി അംഗങ്ങൾ, പാർട്ടി ജില്ല പ്രസിഡന്‍റുമാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ തെലങ്കാന ഭവനിൽ ഹാജരാകാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇവർക്കൊപ്പം വിവിധ കോർപ്പറേഷനുകളുടെ ജില്ല പരിഷത്ത് ചെയർമാൻ, ഡിസിസിബി പ്രസിഡന്‍റുമാർ, ഡിസിഎംഎസ് പ്രസിഡന്‍റുമാർ, പാർട്ടി മേധാവികൾ എന്നിവരും ഇന്ന് ഉച്ചയോടെ തെലങ്കാന ഭവനിൽ എത്തണമെന്നാണ് നിർദേശം.
ദേശീയ രാഷ്‌ട്രീയത്തിലേക്ക് കെസിആർ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടാൻ ദേശീയ രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി. ഇതിനായുള്ള ആദ്യ ചുവടുവയ്‌പ്പായാണ് ഒക്ടോബറിൽ കെസിആർ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന് പാർട്ടിയെ പുനർനാമകരണം ചെയ്‌തത്. നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് ഒക്‌ടോബർ നാല് രാത്രിയോടെ പേര് തെരഞ്ഞെടുത്തത്.
പുതിയ പേര് പ്രഖ്യാപനം: ഒക്‌ടോബർ അഞ്ചിന് ഉച്ചയ്ക്ക് 1.19 ന് മുഹൂർത്തം നോക്കിയാണ് പാർട്ടിയുടെ പുതിയ പേര് പ്രഖ്യാപിച്ചത്. തുടർന്ന് തെലങ്കാന ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടി അധ്യക്ഷൻ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്‌ഠമായ അംഗീകാരം നൽകിയതോടെയാണ് കെസിആർ പ്രമേയത്തിൽ ഒപ്പിട്ട് പുതിയ പാർട്ടി അവതരിപ്പിച്ചത്.
പാർട്ടിയുടെ പേര് ടിആർഎസിനു പകരം ഭാരത രാഷ്‌ട്ര സമിതി എന്നാക്കി മാറ്റാനുള്ള തീരുമാനത്തിൽ പാസാക്കിയ പ്രമേയവുമായി തെലങ്കാന സംസ്ഥാന ആസൂത്രണ കമ്മിഷൻ വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, ശ്രീനിവാസ് റെഡ്ഡി എന്നിവർ ഒക്‌ടോബർ ആറിന് ഡൽഹിയിലേക്ക് പോയിരുന്നു. പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കുകയും പാർട്ടിയുടെ പേരിൽ എതിർപ്പുകൾ ഉന്നയിക്കാൻ ഒരു മാസത്തെ സമയം നൽകുകയും ചെയ്‌തു. നൽകിയ ഒരു മാസം സമയത്തിൽ എതിർപ്പുകൾ ഉയരാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പേര് അംഗീകരിച്ചത്. 2000 ഏപ്രിലിൽ ആണ് ടിആർഎസ് പാർട്ടി ആരംഭിച്ചത്.