മുംബൈ: ടെലിവിഷൻ റേറ്റിങ് പോയിന്‍റ് അഴിമതിക്കേസിലെ പ്രതിയായ മുൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) സിഇഒ പാർതോ ദാസ് ഗുപ്തയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഡി നായികിന്‍റെ ബെഞ്ചാണ് ദാസ് ഗുപ്തയെ (55) രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 24നാണ് ദാസ് ഗുപ്ത അറസ്റ്റിലായത്.
ചില ടെലിവിഷൻ ചാനലുകൾക്ക് ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്‍റ്) ഉയർത്തിക്കാട്ടിയെന്ന് ആരോപിച്ച് റേറ്റിങ് ഏജൻസിയായ ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രേക്ഷകരുടെ വീടുകളിലുള്ള മീറ്ററിൽ നിന്ന് ടിആർപി അളക്കുന്ന ബാർക്കിന്‍റെ ഉടമകളിൽ ഒന്നാണ് ഹൻസ.