അഗർത്തല: ത്രിപുരയിലെ ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്കെത്തിയതായി കായിക യുവജനകാര്യ മന്ത്രി സുശാന്ത ചൗധരി അറിയിച്ചു. സ്റ്റേഡിയത്തിനായി 185 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും അടുത്ത ഏഴോ എട്ടോ മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം എംഎൽഎ ഭാനു ലാൽ സാഹ സമർപ്പിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2017 ഓഗസ്റ്റിൽ സ്റ്റേഡിയ നിർമാണത്തിന്‍റെ പദ്ധതി ഏറ്റെടുത്തിരുന്നു. ജാർഖണ്ഡിൽ നിന്നുള്ള ഒരു നിർമാണ കമ്പനിക്ക് കരാർ നൽകിയെങ്കിലും ചില കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കമ്പനി വിസമ്മതിച്ചു. പിന്നീട് കരാർ പുതുക്കുകയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്‌തു, ചൗധരി അറിയിച്ചു.
ത്രിപുരയിൽ ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കാണണം എന്നുതന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ ക്രിക്കറ്റ് എന്നത് സർക്കാരിന്‍റെ നേതൃത്വത്തിന്‍റെ നിയന്ത്രണത്തിൽ വരുന്നതല്ല. അത് ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിൽ വരുന്നതാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ബിസിസിഐ ആണ്. എന്നിരുന്നാലും സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്നും ചൗധരി ഉറപ്പുനൽകി.
ALSO READ: ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; സഞ്ജു സാംസണെ പ്രശംസിച്ച് കുമാർ സംഗക്കാര
അതേസമയം പുതിയ സ്റ്റേഡിയം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരിക്കുമെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി കിഷോർ കുമാർ ദാസ് അറിയിച്ചു. സ്റ്റേഡിയത്തിന്‍റെ സിറ്റിങ് കപ്പാസിറ്റി 22,000 ആയിരിക്കും. നിലവിൽ ജിം, ക്ലബ് ഹൗസ്, പരിശീലനത്തിനാവശ്യമായ നെറ്റസ് എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കളിക്കാർക്ക് താമസിക്കാൻ സ്റ്റേഡിയത്തിനുള്ളിൽ ത്രീ-സ്റ്റാർ കാറ്റഗറി ഹോട്ടൽ ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ദാസ് കൂട്ടിച്ചേർത്തു.