അഗർത്തല : കഴുകന്മാരുടെ സംരക്ഷണത്തിനും കൃത്രിമ പ്രജനനത്തിനുമുള്ള പരിപാടിയിലൂടെ ഖോവായ് ജില്ലയിൽ വംശനാശഭീഷണി നേരിടുന്ന ഇനത്തെ വളർത്താനുള്ള പദ്ധതിക്ക് തുടക്കമിട്ട് ത്രിപുര വനംവകുപ്പ്. കൃത്രിമ പ്രജനനത്തിന് സഹായിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഴുകന്മാരെ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേന്ദ്ര സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് ഖോവായ് ജില്ലയിലെ പദ്‌മബിൽ പ്രദേശത്ത് പദ്ധതി ഉടൻ ആരംഭിക്കും. ഹരിയാനയിൽ നിന്ന് കഴുകന്മാരെ കൊണ്ടുവന്ന് കൃത്രിമ പ്രജനനം നടത്തിയശേഷം പിന്നീട് കുഞ്ഞുങ്ങളെ കാട്ടിൽ വിടാനാണ് പദ്ധതിയെന്ന് ഖോവായ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) നിരജ് കെ. ചഞ്ചൽ പറഞ്ഞു.
അടുത്തിടെ ജില്ലയിൽ 30 മുതൽ 40 കഴുകന്മാരെയാണ് കണ്ടെത്തിയത്. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇവിടെ നാമാവശേഷമായി തുടങ്ങിയ ഈ പക്ഷി ഇനം, വനംവകുപ്പ് അവയുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയതിനാൽ ഇപ്പോൾ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുകയാണെന്നും വിശദീകരിച്ചു.
ഇലകള്‍ തിങ്ങിയ ഷിമുൽ മരങ്ങൾ നദീതീരത്ത് നട്ടുപിടിപ്പിച്ചത് ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചു. നദിയില്‍ പൊങ്ങിക്കിടക്കുന്ന മൃഗങ്ങളുടെ ശവശരീരങ്ങൾ കഴിച്ച് ഒരു പരിധിവരെ ഭക്ഷണ ദൗർലഭ്യവുമായി പൊരുത്തപ്പെടാൻ കഴുകന്മാരും പഠിച്ചു.
ALSO READ:യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി
കൂടുതൽ ഷിമുൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി പ്രദേശവാസികൾക്കിടയിൽ ഒരു ബോധവത്കരണ ക്യാംപയിനും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഷിമുൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുവഴി കഴുകന്മാർ ഇവയിൽ കൂടുകൂട്ടുന്നു. മാത്രമല്ല, തങ്ങളുടെ കന്നുകാലികൾക്ക് ഡൈക്ലോഫെനാക് (ഒരു തരം ആന്‍റി-ഇൻഫ്ലമേറ്ററി മരുന്ന്) അടങ്ങിയ ഭക്ഷണം നൽകരുത്.
ഇത് ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് കഴുകന്മാരിൽ വൃക്കസംബന്ധമായ തകരാറിന് കാരണമാകും. ഇതുസംബന്ധിച്ച തങ്ങളുടെ അഭ്യർഥനകളോട് ജനങ്ങൾ നന്നായി പ്രതികരിച്ചുവന്നും അദ്ദേഹം പറഞ്ഞു.പരിപാലന പ്രജനന പദ്ധതിയിലൂടെ മാത്രമാണ് കഴുകന്മാരെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ കഴിയൂവെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ഡി.കെ ശർമ പറഞ്ഞു.
മൂന്ന് ഇനങ്ങളിൽ നിന്നും 150 ജോഡികളെ വീതം സംരക്ഷിച്ച് വളർത്താൻ കഴിയുമെങ്കിൽ, പദ്ധതി ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ മൂന്ന് ഇനങ്ങളിൽ നിന്നും 600 ജോഡികളുടെ വീതം ജനിതക വർധനവ് നേടാൻ കഴിയും. ഇതുവഴി വൈവിധ്യമാർന്നതും സ്വയം പ്രജനനം നടത്താൻ കഴിവുള്ളതുമായ കഴുകന്മാരെ രൂപപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാന സർക്കാരുകളും ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് ഇതുവരെ മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് സ്ഥാപിച്ചത്.