അഗർത്തല: കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ത്രിപുര സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണത്തിൽ തുടര്‍ച്ചയായി വർധനവ് രേഖപ്പെടുത്തിയതോടെയാണ് തീരുമാനം. പൊതുസ്ഥലത്ത് മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പൊതു, സ്വകാര്യ ഗതാഗതത്തിലും സാമൂഹിക അകലം ഉറപ്പാക്കണം. കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്ററിൽ താഴെ മാത്രം ഫ്രണ്ടേജ് ഉള്ള കടകളിൽ ഒരു സമയം ഒരു വ്യക്തിയെ മാത്രമേ അനുവദിക്കൂ. ക്യൂവിൽ ഒരു മീറ്റർ അകലം പാലിക്കണം. കടയുടമയും ജീവനക്കാരും നിർബന്ധമായും മാസ്ക് അല്ലെങ്കിൽ ഫെയ്സ് കവറുകൾ ധരിക്കണമെന്നും നിർദേശമുണ്ട്.
ആരെങ്കിലും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യ ലംഘനത്തിൽ 200 രൂപ പിഴ നൽകണം. മാസ്ക് ധരിക്കാത്തതിന് 400 രൂപയാണ് പിഴ. കടകൾക്കുമുന്നിൽ ഉപഭോക്താക്കൾ സാമൂഹിക അകലം ഉറപ്പാക്കാതിരുന്നാൽ കടയുടമകൾ 1000 രൂപ പിഴ നൽകണമെന്നും ഉത്തരവിൽ പറയുന്നു.