അഗർത്തല: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ത്രിപുര സര്‍ക്കാര്‍. മെയ് 4 മുതലാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നത്. വൈകിട്ട് 6 മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കർഫ്യൂ നിയന്ത്രണങ്ങളിൽ നിന്ന് ഇതുവരെ ഒഴിവാക്കിയിരുന്ന അഗർത്തല ഒഴികെയുള്ള 20 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 247 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ അവസ്ഥയില്‍ സമയബന്ധിതവും ഫലപ്രദവുമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ത്രിപുരയിലെ കൊവിഡ് കണക്കുകള്‍ വളരെ കുറവാണ്.
കൊവിഡ് വ്യാപനം നഗരപ്രദേശങ്ങളിലാണ് കൂടുതലെന്ന് രത്തൻ ലാൽ നാഥ് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 മണി മുതല്‍ 4 മണി വരെയാണ് ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 50 ശതമാനം വരെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഓഫീസില്‍ പ്രവേശനമുള്ളു.