അഗര്‍ത്തല (ത്രിപുര): വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 17 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും നിലവില്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ ഏക സിറ്റിങ് എംഎല്‍എയുമായ സുദീപ് റോയ് ബര്‍മന്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. മുമ്പ് ജയിച്ചുകയറിയ അഗര്‍ത്തലയില്‍ നിന്നുതന്നെയാണ് സുദീപ് റോയ് ഇത്തവണയും ജനവിധി തേടുന്നത്. അതേസമയം ഫെബ്രുവരി 16 നാണ് ത്രിപുര പോളിങ് ബൂത്തിലേക്ക് നീങ്ങുക.
തകര്‍ന്നടിഞ്ഞ പ്രതിപക്ഷം: 2018 ലെ ത്രിപുര അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തന്നെ അതികായരായിരുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിച്ചതുമില്ല. പിന്നീട് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സുദീപ് റോയ് ബര്‍മന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതാണ് കോണ്‍ഗ്രസിനുണ്ടായ ഏക ആശ്വാസം. തുടര്‍ന്ന് ത്രിപുരയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സീറ്റുകള്‍ പങ്കുവയ്‌ക്കുമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയെ നേരിടാന്‍ ഇടതുപക്ഷ മുന്നണിയുമായി ഇന്നേവരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നതും ഇപ്പോഴും വ്യക്തമല്ല.
തലവേദന തീരുന്നില്ല: അതേസമയം തിപ്ര പ്രദേശത്തിന് പ്രത്യേക പദവിയാവശ്യം നിരസിച്ചത് മുഖേന തിപ്ര മോത പ്രാദേശിക പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്നും ബിജെപി വിട്ടുനിൽക്കുകയാണ്. ഇതും ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രതിപക്ഷ നിരക്കായിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. കൂടാതെ കഴിഞ്ഞദിവസം (26-01-2023) എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലേക്ക് പോയത് സിപിഎമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്. സിപിഎം എംഎല്‍എ മൊബഷര്‍ അലിയും മുന്‍ എംഎല്‍എ സുബാല്‍ ഭൗമികുമാണ് സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്.
ആദ്യം ഗോളടിച്ച് ബിജെപി: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 60 ൽ 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബിജെപി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ടൗൺ ബർദോവലി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയുടെ പേരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അവശേഷിക്കുന്ന 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ഉടൻ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.