സിയോനി : ബിജെപി ഭരണ സംസ്ഥാനമായ മധ്യപ്രദേശിൽ പശുക്കളെ അറുത്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ സ്വയം പ്രഖ്യാപിത ഗോ രക്ഷകര്‍ അടിച്ചുകൊന്നു. സാഗർ സ്വദേശിയായ സമ്പത്ത് ബട്ടി, സിമരിയ സ്വദേശി ധൻസ എന്നിവരാണ് കൊല്ലപ്പെട്ടത്. 20ഓളം പേരടങ്ങുന്ന സംഘത്തിന്‍റെ ആക്രമണത്തില്‍ ബ്രജേഷ് ബട്ടി എന്നയാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
ആൾക്കൂട്ട ആക്രമണം : തിങ്കളാഴ്‌ച (ഏപ്രിൽ 02) പുലർച്ചെ 2:30നും 3നും ഇടയിൽ കുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയയിലായിരുന്നു നടുക്കുന്ന സംഭവം. 15-20 പേരടങ്ങുന്ന സംഘം ഇരകളുടെ വീട്ടിലെത്തി പശുക്കളെ കശാപ്പ് ചെയ്‌തുവെന്നാരോപിച്ച് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.
20 പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ ആറ് പേർക്കെതിരെ കൊലപാതക കുറ്റത്തിനാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. അക്രമികൾ ബജ്‌റംഗ് ദളിൽപെട്ടവരാണെന്ന് പ്രതിപക്ഷപ്പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു. കൂടാതെ കോൺഗ്രസ് നിയമസഭാംഗം അർജുൻ സിങ് കക്കോഡിയയുടെ നേതൃത്വത്തിലുള്ള സംഘം ജബൽപൂർ-നാഗ്‌പൂർ ഹൈവേ ഉപരോധിച്ചു.
പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി മൃതദേഹം മാറ്റിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്‌കെ മരാവി പറഞ്ഞു. ആക്രമണം നടത്തിയ സംഘത്തിലെ ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.
പ്രതികളിൽ ചിലരുടെ പേരുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇരകളുടെ വീട്ടിൽ നിന്നും 12 കിലോഗ്രാം മാംസം കണ്ടെത്തിയതായും പൊലീസ് അവകാശപ്പെട്ടു.
ബജ്റംഗ് ദളിനെ നിരോധിക്കണമെന്ന് കോൺഗ്രസ് എംഎൽഎ കക്കോഡിയ ആവശ്യപ്പെട്ടു. കേസിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ വേഗം പിടികൂടാന്‍ നടപടി സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം ധനസഹായവും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.