ലഖ്നൗ: 2021 ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് നിരവധി പേര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഗ്ര, ബെറേലി, സീതാപ്പൂര്‍ ജില്ലകളിലാണ് കേസുകളെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.
അഞ്ച് പേരാണ് അറസ്റ്റിലായത്. ഓക്ടോബര്‍ 24നായിരുന്നു പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വി. ഇതോടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്തവരാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
Also Read: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി
അറസ്റ്റിലായവരില്‍ കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ഥിയും ഉള്‍പെട്ടിട്ടുണ്ട്. രാജ ബല്‍വത്ത് സിങ് എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ഥിയായാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ വിജയത്തില്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന് രണ്ട് വിദ്യാര്‍ഥികളെ സസ്പെന്‍റ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. പങ്കജ് ഗുപ്ത് അറിയിച്ചു.
യുവമോര്‍ച്ച പ്രസിഡന്റ് ശൈലു പണ്ഡിറ്റിന്‍റെ പരാതിയിലാണ് അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനി എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.