പട്‌ന: ട്രാന്‍സ്‌ജെന്‍ഡറായതിന്‍റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട മഹി ഗുപ്‌തയ്ക്ക് ഇത് രണ്ടാം ജന്മം. ലിംഗ മാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറുകയും നോയിഡയിലെ മെട്രോ സ്റ്റേഷനില്‍ ജോലി നേടുകയും ചെയ്‌തിരിക്കുകയാണ് ബിഹാറിലെ കർഹഗോള സ്വദേശിനിയായ മഹി. സെമാപൂര്‍ ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം.
നാല് സഹോദരിമാരില്‍ മൂന്നാമനായിരുന്നു മഹി. എന്നാല്‍ വളരുംതോറും സ്‌ത്രൈണതയും പ്രകടമായി തുടങ്ങി. ആദ്യ സമയങ്ങളിലെല്ലാം വീട്ടുകാര്‍ ഉപദേശങ്ങളുമായെത്തിയിരുന്നു. മാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ദുരഭിമാനം തോന്നിയ കുടുംബം മഹിയെ വീട്ടില്‍ നിന്ന് പുറത്താക്കി.
2007ലാണ് മഹി സ്വന്തം വീട്ടില്‍ നിന്ന് പടിയിറക്കപ്പെട്ടത്. എന്നാല്‍ കുടുംബാംഗങ്ങളാല്‍ കുടിയൊഴിപ്പിക്കപ്പെട്ട മഹി ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. മാത്രമല്ല വിദ്യാഭ്യാസം നേടാനായാല്‍ തന്‍റെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മനസിലുറപ്പിച്ചു.
'വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത് തനിക്ക് ഏറ്റവും പ്രയാസമേറിയ ദിവസങ്ങളായിരുന്നു. എന്നിരുന്നാലും എന്‍റെ വിദ്യാഭ്യാസം തുടരാൻ ഞാൻ ആഗ്രഹിച്ചുവെന്നും മഹി ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു. സമൂഹവും കുടുംബവും തന്‍റെ ആഗ്രഹങ്ങള്‍ക്ക് പലപ്പോഴും തടസമായിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായ തനിക്ക് 2017ലാണ് നോയിഡയിലെ മെട്രോയില്‍ ജോലി ലഭിച്ചത്. ഇപ്പോള്‍ എന്‍റെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്‍റെ കുടുംബമാണ്.
താനുമായി കുടുംബം ഫോണിലൂടെ ഏപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും മഹി പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷവും ക്ഷണികമാണ്. ജീവിതത്തില്‍ മോശം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പലരും അസ്വസ്ഥരാകാറുണ്ട്. എന്നാല്‍ അവരോട് തനിക്ക് പറയാനുള്ളത് ആ നിമിഷങ്ങളും കടന്ന് പോകുമെന്നാണ്.
മറ്റുള്ളവരില്‍ നിന്ന് തങ്ങളെ കുറിച്ചുണ്ടാകുന്ന മോശം പരാമര്‍ശങ്ങളെല്ലാം ലക്ഷ്യം നേടുന്നതിന് നമുക്ക് മുതല്‍കൂട്ടാകും. ലക്ഷ്യം നേടുന്നതിനായുള്ള ദൃഢമായ ആഗ്രഹം നിങ്ങളെ ശക്തരാക്കും. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പലരും ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. മറ്റുള്ളവരില്‍ നിന്നുള്ള മോശം അഭിപ്രായം എപ്പോഴും പോസിറ്റീവായി മാത്രം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നും' മഹി ഗുപ്‌ത പറഞ്ഞു.