ഗിരിദിഹ്(ജാര്‍ഖണ്ഡ്) : പട്ടിണി പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ ധാന്യങ്ങളുമായി ഛത്തീസ്ഗഡില്‍ നിന്നും 2021ല്‍ ഒരു ട്രെയിന്‍ പുറപ്പെട്ടു. വന്ന വഴിയോ വൈകാനുള്ള കാരണമോ അറിയാതെ ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം ആ ചരക്ക് തീവണ്ടി മെയ് 17ന് ലക്ഷ്യത്തിലെത്തി. പുറപ്പെട്ടതിനെ കുറിച്ച് യാതൊരു അറിയിപ്പും ലഭിക്കാതെ പെട്ടന്ന് എത്തിയ ട്രെയിന്‍ കണ്ട് സ്റ്റേഷന്‍ അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭീകരമായൊരു വീഴ്ച കണ്ടെത്തപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് ചരക്ക് തീവണ്ടി ഛത്തീസ്ഗഡില്‍ നിന്നും 762 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ജാര്‍ഖണ്ഡിലെ ഗിരിദിഹിലേക്ക് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കി നല്‍കിയ ഭക്ഷ്യധാന്യങ്ങളായിരുന്നു വണ്ടിനിറയെ. സ്റ്റേഷന്‍ വിട്ട തീവണ്ടിയെ കുറിച്ച് കോര്‍പ്പറേഷനോ റെയില്‍വേയോ ചിന്തിച്ചില്ല, ചോദ്യങ്ങള്‍ ഉണ്ടായില്ല.
ഇങ്ങനെ ഇരിക്കെയാണ് മെയ് 17ന് ഒരു ചരക്ക് വണ്ടി ഗിരിധിറിലെ സ്‌റ്റേഷനില്‍ എത്തിയത്. മെയ് 21ന് ചരക്ക് എഫ് സി ഐക്ക് കൈമാറാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതോടെ അധികൃതരെത്തി ധാന്യങ്ങള്‍ പരിശോധിച്ചു. ധാന്യങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് അധികൃതര്‍ റെയില്‍വേയെ അറിയിച്ചു. അതിനാല്‍ തന്നെ ഇവ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും എഫ്സിഐ അധികൃതര്‍ അറിയിച്ചു. 1000 ചാക്കില്‍ 300 ഓളം ചാക്ക് ധാന്യങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയില്‍ ആയിരുന്നു. ബാക്കിയുള്ളവ ഭക്ഷ്യ യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. വീഴ്ചമറയ്ക്കാന്‍ ധാന്യങ്ങള്‍ പുറത്തിറക്കിയ റെയില്‍വേ അധികൃതര്‍ ഇവ മൂടിയിട്ട് ട്രെയിന്‍ സ്ഥലത്ത് നിന്നും മാറ്റി.
ചീഞ്ഞളിഞ്ഞ നിലയില്‍ ധാന്യങ്ങള്‍ കിടക്കുന്നതായി അറിഞ്ഞെത്തിയ ഇടിവി ഭാരത് പ്രതിനിധിയോട് ആദ്യം പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് അധികൃതര്‍ വഴങ്ങി. വണ്ടി എപ്പോള്‍ പുറപ്പെട്ടു...? എവിടെയൊക്കെ നിന്നു...? എത്രദൂരം യാത്ര ചെയ്തു...? എന്താണ് വൈകാന്‍ കാരണം...? എഫ്സിഐ അധികൃതര്‍ വിവരം അറിഞ്ഞിരുന്നോ...? കയറ്റിവിട്ട ഗോഡൗണിലുള്ളവര്‍ അന്വേഷിച്ചില്ലേ...? ഏത് ഗോഡൗണിലേക്കാണ് അരി എത്തേണ്ടിയിരുന്നത്...? ഇത്രയും നാള്‍ വൈകിയിട്ടും ഗോഡൗണ്‍ അധികൃതര്‍ ഇതിനെ കുറിച്ച് അന്വേഷിച്ചില്ലേ...? 762 കിലോ മീറ്റര്‍ താണ്ടാന്‍ ഇത്രയും നാള്‍ എടുത്തെ ട്രെയിനിനെ കുറിച്ച് റെയില്‍വേക്ക് അറിയില്ലേ...? - ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്തുകയാണ് അധികൃതര്‍.
സംഭവത്തിന് പിന്നാലെ അന്വേഷണം എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചു റെയില്‍വേ . ഈ മാസം 31ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ ഉന്നത അധികാരികള്‍ എത്തുമെന്ന് മാത്രം സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. പട്ടിണി കിടന്ന് ആയിരങ്ങള്‍ മരിക്കുന്ന നാട്ടില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയും ഗുരുതര വീഴ്ചയുമാണ് ഈ സംഭവത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
സംഭവം അറിഞ്ഞ് തങ്ങള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നുവെന്ന് മഹശ്‌ലുദി പഞ്ചായത്ത് അംഗം ശിവാനന്ദ് സാവെ പറയുന്നു. ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്രയും ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.