ബെംഗളൂരു : പലരും ട്രാഫിക് നിയമങ്ങള്‍ മനപ്പൂര്‍വം ലംഘിക്കുകയും പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്‌തമായി നല്ല മാതൃക കാണിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ ബാലകൃഷ്‌ണ ബിര്‍ള. ശാന്തിനഗര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് കത്തിക്കൊണ്ടിരിക്കെ അദ്ദേഹം അത് മറികടന്നു.
ഇതില്‍ പശ്ചാത്താപം തോന്നിയ ബാലകൃഷ്‌ണ ബിര്‍ള പൊലീസ് സ്റ്റേഷനിലെത്തി ട്രാഫിക് ലംഘനത്തിന് പിഴയടക്കാന്‍ തയ്യാറായി. എന്നാല്‍ ചലാന്‍ കിട്ടിയതിന് ശേഷം പിഴയടച്ചാല്‍ മതിയെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ ട്രാഫിക് ലംഘനം നടത്തിയ കാര്യം ട്വിറ്ററിലും ബാലകൃഷ്‌ണ ബിര്‍ള വ്യക്തമാക്കി.
പിഴ ഉടന്‍ തന്നെ അടയ്ക്കാന്‍ സാധിക്കുമോയെന്ന് ട്വിറ്ററില്‍ ബംഗളൂരു സിറ്റി ട്രാഫിക് പൊലീസിനെ ടാഗ് ചെയ്‌ത് അദ്ദേഹം ചോദിച്ചു. നോട്ടിസ് ലഭിച്ച ശേഷം പിഴയടച്ചാല്‍ മതിയെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് റീട്വീറ്റിലൂടെ മറുപടി നല്‍കി. ബാലകൃഷ്‌ണ ബിര്‍ളയുടെ പ്രവൃത്തിയെ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും അഭിനന്ദിച്ചു.