ചെന്നൈ: തമിഴ്‌നാട്ടിൽ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവർ മാത്രമല്ല, ഒപ്പമുള്ളവരും പിഴയൊടുക്കണം.
മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് മാത്രമായിരുന്നു ഇതുവരെ ട്രാഫിക് പൊലീസ് പിഴയൊടുക്കിയിരുന്നത്. ഇനിമുതൽ ഡ്രൈവർക്കൊപ്പമുള്ളയാൾ മദ്യപിച്ചില്ലെങ്കിലും അവർക്കെതിരെയും കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് ട്രാഫിക് പൊലീസ് വിഭാഗം അറിയിച്ചു. 10,000 രൂപയാണ് പിഴ തുക. മോട്ടോർ വെഹിക്കിൾ ആക്‌ട് 185 r/w 188 MV പ്രകാരമാണ് പിഴ ഈടാക്കുന്നത്. ഇതോടെ മദ്യപിച്ച് വാഹനമോടിക്കുന്ന ആൾക്കൊപ്പം സഞ്ചരിക്കുന്നവരെല്ലാം 10,000 രൂപ വീതം പിഴ ഒടുക്കണം.
2019ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വെഹിക്കിൾ ഭേദഗതി നിയമത്തിൽ മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ ഈടാക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് മദ്യപിച്ച ഡ്രൈവർക്കൊപ്പം സഞ്ചരിക്കുന്നവരിൽ നിന്നും പിഴയീടാക്കാമെന്ന് പരിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകട മരണങ്ങൾ നടക്കുന്ന സംസ്ഥാനം തമിഴ്‌നാട് ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മാത്രം തമിഴ്‌നാട്ടിൽ 11,419 പേരാണ് വാഹനാപകടത്തിൽ മരണമടഞ്ഞത്. ചെന്നൈയിൽ മാത്രം 1026 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ വർഷം മാത്രം ചെന്നൈയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1178 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തടയുകയാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.