ലക്‌നൗ: ഉത്തർപ്രദേശില്‍ നിയന്ത്രണം വിട്ട ട്രാക്‌ടർ ട്രോളി മറിഞ്ഞ് രണ്ട് പെൺകുട്ടികൾ മരിച്ചു. 12 തീർഥാടകർക്ക് പരിക്കേറ്റു. ഞായറാഴ്‌ച(21.08.2022) വൃന്ദാവനിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്‌ടർ ട്രോളിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.
ബബസ ഗ്രാമത്തിന് സമീപമുള്ള ഇറ്റാ - ആഗ്ര ഹൈവേയിലാണ് സംഭവം. ശ്രിഷ്‌ടി (12), നിത (15) എന്നിവരാണ് മരിച്ചത്. തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്‌ടർ ട്രോളി റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് സർക്കിൾ ഓഫിസർ കെ. സിംഗ് പറഞ്ഞു.
മറ്റൊരു പെൺകുട്ടിയായ അർതിയുടെ (15) നില ഗുരുതരമാണ്. മെച്ചപ്പെട്ട ചികിത്സയ്‌ക്കായി പെൺകുട്ടിയെ ആഗ്രയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരുടെ നില തൃപ്‌തികരമാണെന്നും പൊലീസ് പറഞ്ഞു.