ന്യൂഡൽഹി: രാജ്യത്താകമാനം വാക്‌സിൻ വിതരണത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിക്കുമ്പോൾ ആകെ വാക്‌സിൻ വിതരണം 15.68 കോടി കവിഞ്ഞു. വാക്‌സിൻ വിതരണത്തിന്‍റെ മൂന്നാം ഘട്ടത്തിലെ ഒന്നാം ദിവസം 18-44 വയസിനിടയിലുള്ള എണ്‍പത്താറായിരത്തിലധികം പേർക്ക് വാക്‌സിനേഷൻ നടത്തിയതായി കേന്ദ്രം അറിയിച്ചു.
11 സംസ്ഥാനങ്ങളിലായി 18-44 വയസിനിടയിലുള്ള 86,023 ഗുണഭോക്താക്കൾക്ക് ആദ്യത്തെ ഡോസ് വാക്സിൻ ലഭിച്ചു. ഛത്തീസ്‌ഗഡ് (987), ഡൽഹി (1,472), ഗുജറാത്ത് (51,622), ജമ്മു കശ്മീർ (201), കർണാടക (649), മഹാരാഷ്ട്ര (12,525), ഒഡീഷ (97), പഞ്ചാബ് (298), രാജസ്ഥാൻ (1853), തമിഴ്‌നാട് (527), യുപി (15,792) എന്നിങ്ങനെയാണ് കണക്കുകൾ.
READ MORE: രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോഗികൾ; 3,689 മരണം
ഇതുവരെ 29 കോടിയിലധികം ടെസ്റ്റുകൾ നടത്തിയപ്പോൾ പോസിറ്റീവ് നിരക്ക് 6.74 ശതമാനമായി ഉയർന്നു. 1.10 ശതമാനമാണ് ദേശീയ മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,689 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തത്.