ജബൽപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ജബൽപൂരിലെ ധർമ്മപുര ഗ്രാമത്തിൽ സ്‌കൂൾ അധ്യാപകന്‍റെ വ്യത്യസ്‌തമായ പഠനരീതി ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ദിനേശ് കുമാർ മിശ്ര എന്ന അധ്യാപകനാണ് നാടിന്‍റെ പ്രശംസ നേടുന്നത്. കുട്ടികളുടെ ശ്രദ്ധയാകർഷിക്കും വിധത്തിൽ ഗ്രാമത്തിലെ മതിലുകളിൽ പാഠഭാഗങ്ങൾ കൊണ്ട് ചുവരെഴുത്ത് നടത്തി ധർമ്മപുര ഗ്രാമത്തെ മുഴുവൻ ഒരു വിദ്യാലയമാക്കി മാറ്റിയിരിക്കുകയാണ്.
ചുവരില്‍ നിറയുന്ന പഠനം: കൊവിഡ് കാലത്ത് മൊഹല്ല ക്ലാസുകൾ (വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കമ്മ്യൂണിറ്റി ഇടങ്ങളിൽ സജ്ജീകരിച്ച വ്യക്തിഗത ക്ലാസുകൾ) സംഘടിപ്പിച്ചപ്പോൾ എല്ലാ കുട്ടികൾക്കും പഠിക്കാൻ ഒത്തുകൂടാനായില്ല. ഇതിന് പ്രധാന കാരണം, ഗ്രാമവാസികളിൽ ഭൂരിഭാഗവും അതിരാവിലെ തന്നെ ജോലിക്ക് പോകുന്നവരാണ്, വരുമാനം കൊണ്ട് ഉപജീവനമാർഗം നിലനിർത്താൻ കഴിയാത്തതിനാൽ അവർ കുട്ടികളെയും ജോലിക്ക് കൊണ്ടുപോകുന്നു. ഈ പശ്ചാത്തലത്തിൽ ഗ്രാമത്തിലെ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്‌ടപ്പെടാതിരിക്കാൻ ദിനേശ് കുമാർ മിശ്ര ഗ്രാമത്തിന്‍റെ ചുവരുകളിൽ പഠനത്തിന് സൗകര്യമൊരുക്കി.
ഗ്രാമത്തിലെ ഓരോ ചുവരുകളും പാഠഭാഗങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ് ദിനേശ് കുമാർ മിശ്ര. ധർമ്മപുര ഗ്രാമത്തിലെ ഓരോ തെരുവിലെയും മതിൽ ഒരു വിദ്യാഭ്യാസ കേന്ദ്രമാണ്. അവശേഷിക്കുന്ന ചുവരുകളിൽ വിദ്യാഭ്യാസത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. എല്ലാ അധ്യാപകരും ദിനേശ് കുമാർ മിശ്രയെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌താൽ രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും വിദ്യാഭ്യാസ നിലവാരം ഉയരുമെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടു.