സോളൻ (ഹിമാചൽ പ്രദേശ്) : രാജ്യത്ത് ദിനം പ്രതി തക്കാളി വില കുതിച്ചുയരുകയാണ്. ബെംഗളൂരു, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ കനത്ത മഴ മൂലം തക്കാളിക്ക് ക്ഷാമം നേരിട്ടതോടെ ഹിമാചൽ പ്രദേശിൽ നിന്നാണ് രാജ്യ തലസ്ഥാനത്തേക്കുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും തക്കാളിയെത്തുന്നത്. അതിനാൽ തന്നെ ഇപ്പോൾ ഹിമാചലിൽ ആപ്പിളിനെക്കാൾ ഉയർന്ന വിലയ്‌ക്കാണ് തക്കാളി വിൽപ്പന നടത്തുന്നത്.
ഹിമാചൽ പ്രദേശിൽ ജൂലൈ മാസം ആരംഭിച്ചപ്പോൾ തന്നെ ആപ്പിൾ സീസണ്‍ ആരംഭിച്ചിരുന്നു. ജൂണ്‍ മാസത്തിന്‍റെ മധ്യത്തോടെയാണ് ഇവിടെ തക്കാളി സീസണ്‍ ആരംഭിച്ചത്. സാധാരണ തക്കളിയെക്കാൾ വളരെ ഉയർന്ന വിലയ്‌ക്കാണ് ഇവിടെ ആപ്പിൾ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.
ഡിമാൻഡ് ഉയർന്നതോടെ ആപ്പിളിനെക്കാൾ ഉയർന്ന വിലയ്‌ക്കാണ് ഇപ്പോൾ ഇവിടെ തക്കാളി വിൽപ്പന നടത്തുന്നത്. നിലവിൽ ഹിമാചലിൽ തക്കാളി കിലോയ്‌ക്ക് 90 മുതൽ 95 രൂപയ്‌ക്കും ആപ്പിൾ കിലോയ്‌ക്ക് 70 മുതൽ 80 രൂപയ്‌ക്കുമാണ് വിൽപ്പന നടത്തുന്നത്. ഹിമാചലിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനയായാണ് ആപ്പിൾ കണക്കാക്കപ്പെടുന്നത്.
എന്നാൽ ഇത്തവണ ഹിമാചലിന്‍റെ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ തക്കാളിയും പ്രധാന പങ്കാണ് വഹിക്കുന്നത്. തോരാമഴയിൽ ഈ സീസണിൽ ഉത്‌പാദനം ഗണ്യമായി കുറഞ്ഞതോടെ തക്കാളി കർഷകർക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. സീസണിന്‍റെ തുടക്കത്തിൽ ഒരു പെട്ടിക്ക് 800 രൂപ മുതൽ 900 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളി ഇന്ന് പച്ചക്കറി മാർക്കറ്റിൽ 1800 രൂപ മുതൽ 2300 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.
കഴിഞ്ഞ വർഷം തക്കാളി പെട്ടിക്ക് 500 രൂപ മുതൽ 1700 രൂപ വരെയായിരുന്നു വില. ബെംഗളൂരു, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ തക്കാളിക്ക് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഹിമാചലിലെ തക്കാളിക്ക് ഡിമാൻഡ് ഏറിയത്. ഹിമാചലിൽ തക്കാളിയുടെ ലഭ്യത വർധിച്ചതിനാൽ കർഷകർക്ക് മികച്ച വിലയും ലഭിക്കുന്നുണ്ട്.
ALSO READ : Tomoto Free| 'മൊബൈലിനൊപ്പം ഒരു കിലോ തക്കാളി സൗജന്യം', യുപിയിൽ വ്യത്യസ്‌ത ഓഫറുമായി വിൽപനക്കാരൻ
എന്നാൽ ആവശ്യക്കാരേറുന്നതോടെ തക്കാളിയുടെ വിലയും ദിനംപ്രതി വർധിച്ച് വരികയാണ്. അതേസമയം ഈ സീസണിൽ തക്കാളിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വിലയാണ് ലഭിക്കുന്നതെന്ന് സോളനിലെ പച്ചക്കറി ഏജന്‍റുമാരായ അരുണ്‍ പരിഹാറും കിഷോർ കുമാറും പറയുന്നു. മഴ കാരണം ബെംഗളൂരുവിൽ നിന്നുള്ള തക്കാളിക്ക് രാജ്യത്തെ വൻകിട മാർക്കറ്റുകളിലേക്ക് എത്താൻ കഴിയുന്നില്ല.
അതുകൊണ്ടാണ് ഹിമാചലിൽ നിന്ന് വലിയ രാജ്യത്തെ വിവിധ മാർക്കറ്റുകളിലേക്ക് തക്കാളികൾ എത്തിക്കുന്നത്. വരുന്ന രണ്ടാഴ്‌ചത്തേക്ക് കർഷകർക്ക് ഒരു പെട്ടി തക്കാളിക്ക് 1800 രൂപ മുതൽ 2300 രൂപ വരെ വില ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. മറുവശത്ത് കർഷകർക്കും, തോട്ടക്കാർക്കും ഇത്തവണ ആപ്പിളിൽ നിന്നും മികച്ച വരുമാനം ലഭിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ആപ്പിൾ സീസണിന്‍റെ തുടക്കത്തിൽ ഒരു കിലോ ആപ്പിളിന് 70 മുതൽ 80 രൂപ വരെയായിരുന്നു വില. ഗ്രേഡിങ് അനുസരിച്ചാണ് മാർക്കറ്റുകളിൽ ആപ്പിൾ എടുക്കുന്നത്. ഇത്തവണ ഹിമാചലിൽ മഴ പെയ്‌തതിനാൽ ആപ്പിൽ ഉത്‌പാദനത്തിലും കുറവുണ്ടായി. അതിൽ തോട്ടക്കാർ ആപ്പിൾ ഉയർന്ന വിലയ്‌ക്കാണ് ലേലം ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഒരു പെട്ടിക്ക് 900 രൂപ മുതൽ 3000 രൂപ വരെ വിപണിയിൽ വിറ്റഴിച്ച ആപ്പിൾ ഇത്തവണ കിലോ അടിസ്ഥാനത്തിലാണ് വിപണിയിൽ എത്തുന്നത്. ഹിമാചൽ പ്രദേശിൽ ആദ്യമായാണ് ആപ്പിൾ കിലോ തൂക്കത്തിന് അനുസരിച്ച് വിൽപന നടത്തുന്നത്. ഇത് തോട്ടക്കാർക്കും പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ.