ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ വിളനാശം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുത്തനെ ഉയർന്ന തക്കാളിയുടെ വില രണ്ടാഴ്‌ചയ്ക്കുള്ളിൽ സ്ഥിരത കൈവരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ. തക്കാളിയുടെ ചില്ലറ വിൽപന നിരക്ക് പല സ്ഥലങ്ങളിലും 50 മുതൽ 106 രൂപ വരെയാണെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.
ഡൽഹി ഒഴികെയുള്ള മെട്രോ നഗരങ്ങളിൽ ജൂൺ 2ന് തക്കാളിയുടെ വില കുത്തനെ ഉയർന്നിരുന്നു. 40 രൂപയാണ് ഡൽഹിയിലെ തക്കാളി വില. മുംബൈയിലും കൊൽക്കത്തയിലും കിലോയ്ക്ക് 77 രൂപയും ചെന്നൈയിൽ 60 രൂപയുമായിരുന്നു വ്യാഴാഴ്‌ച തക്കാളി വില. രണ്ടാഴ്‌ചക്കുള്ളിൽ വില സ്ഥിരത കൈവരിക്കും. 60 മുതൽ 80 വരെയാണ് കേരളത്തിൽ വ്യാഴാഴ്‌ചത്തെ തക്കാളി വില.
തക്കാളി ഉത്‌പാദനവും വരവും കൂടുതലാണ്. ഉത്‌പാദനത്തിന്‍റെ കാര്യത്തിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇക്കാര്യം സർക്കാർ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.
ഉള്ളി ഉൽപാദനവും സംഭരണവും കഴിഞ്ഞ വർഷത്തെ ഷെഡ്യൂളിനേക്കാൾ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റാബി സീസണിൽ ഇതുവരെ 52,000 ടൺ സംഭരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ 30,000 ടണ്ണിനെക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.