ന്യൂഡൽഹി: കർഷകരുമായി ചർച്ച നടത്താൻ സർക്കാർ ഇപ്പോഴും തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് 10 കോടി കർഷകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പറഞ്ഞു. അവരുടെ വാർഷിക വരുമാനം 6,000 രൂപയോളം വർധിച്ചെന്നും മന്ത്രി പറഞ്ഞു
40 ലക്ഷം ട്രാക്‌ടറുകളുമായി പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു തോമർ. രാജസ്ഥാനിലെ സിക്കറിൽ നടന്ന കർഷക റാലിയിലാണ് പാർലമെന്‍റിലേക്ക് റാലി എന്ന ആവശ്യം ടിക്കായത്ത് ഉന്നയിച്ചത്. കർഷകർക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കിക്കൊണ്ട് പുതിയ നിയമം നടപ്പാക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.