ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തും. ജൂലൈ 13 ന് വൈകുന്നേരം അഞ്ചിന് വീഡിയോ കോൺഫറൻസിങ് വഴിയാണ് സംവദിക്കുക.
കായിക താരങ്ങളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം. റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ചില താരങ്ങളുടെ പ്രചോദനാത്മക യാത്രകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് 18 വിഭാഗങ്ങളിലായി 126 താരങ്ങളാണ് ടോക്കിയോയിലേക്ക് പോകുന്നത്. ഇതുവരെയുള്ള ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതില്‍ ഏറ്റവും വലിയ സംഘമാണിത്. കൂടാതെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് ഒരു ഫെൻസർ (ഭവാനി ദേവി)ഇക്കുറി യോഗ്യത നേടിയിട്ടുമുണ്ട്.
ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിത തുഴച്ചിൽ താരം നേത്ര കുമാനനും ഇത്തവണ ടോക്കിയോയിലെത്തും. കൂടാതെ നീന്തലിൽ 'എ' യോഗ്യത നിലവാരം നേടിയ സജൻ പ്രകാശും ശ്രീഹരി നടരാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ സംഘത്തിന്‍റെ പതാക വഹിക്കുന്നത് ബോക്‌സർ മേരി കോം, പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് എന്നിവരായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചിരുന്നു.