ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യൻ വനിത, പുരുഷ ഹോക്കി ടീമുകളെ കേന്ദ്ര യുവജന-കായിക മന്ത്രി അനുരാഗ് താക്കൂർ അഭിനന്ദിച്ചു. 'ഇരു ടീമുകളും ഒളിമ്പിക്‌സില്‍ ഉജ്വല പ്രകടനമാണ് നടത്തുന്നത്. ഇരു സംഘങ്ങള്‍ക്കും ആശംസകള്‍. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തെ 135 കോടി ജനങ്ങളുടേയും പ്രാര്‍ഥന നിങ്ങള്‍ക്കൊപ്പമുണ്ട്.
പിവി സിന്ധു ഇന്നലെ വെങ്കല മെഡല്‍ നേടി. മീരാബായ് ചാനു വെള്ളിമെഡല്‍ നേടി. ലവ്‌ലിന മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതേവരെ ഇന്ത്യയുടെ പുത്രിമാര്‍ രണ്ട് മെഡലുകള്‍ നേടിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വനിത ഹോക്കി ടീം ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. പുരുഷ ഹോക്കി ടീമും മികവുറ്റ പ്രകടനം നടത്തി'- അനുരാഗ് താക്കൂര്‍ പറഞ്ഞു.
also read: ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍
അതേസമയം ഇന്ന് നടന്ന വനിത ഹോക്കിയില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിച്ചത്. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ഗുര്‍ജീത് കൗര്‍ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് വാതില്‍തുറന്നത്.
സെമിയില്‍ അര്‍ജന്‍റീനയാണ് ഇന്ത്യയുടെ എതിരാളി. ഒരു വിജയം കൂടി നേടിയാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിമ്പിക്‌സ് ഹോക്കിയില്‍ ആദ്യ മെഡല്‍ സ്വന്തമാക്കാം. അതേസമയം ഇന്നലെ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പുരുഷ ടീം സെമിഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്.
ഏഴാം മിനിട്ടില്‍ ദില്‍പ്രീത് സിങ്ങും, 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങും, 57-ാം മിനിട്ടിൽ ഹാദിക് സിങുമാണ് ലക്ഷ്യം കണ്ടത്. മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. സ്പെയിനിനെ തോൽപ്പിച്ചെത്തുന്ന ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.