ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം സധൈര്യം ചെറുത്ത് തോല്‍പ്പിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 24 വയസ്. ദിവസങ്ങളോളം മരം കോച്ചുന്ന കൊടു തണുപ്പില്‍ പട്ടിണി കിടന്ന് പൊരുതി നേടിയ ഐതിഹാസിക വിജയം....ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഭീതിയോടെ ഉറ്റു നോക്കിയ രണ്ട് ആണവ ശക്തികളുടെ പോരാട്ടം.... ഇന്ത്യ കണ്ട എക്കാലത്തെയും വലുതും ഐതിഹാസികവുമായ യുദ്ധം.....
കാര്‍ഗില്‍ പോരാട്ടത്തിന് തുടക്കം കുറിച്ചുള്ള സംഭവ വികാസങ്ങള്‍ തലപൊക്കി തുടങ്ങിയത് 1999 മെയ് മൂന്നിനാണ്. ലഡാക്കിലെ ബട്ടാലിക്കില്‍ ഏതാനും അപരിചിതര്‍ എത്തിയത് മേഖലയില്‍ ആടുമേയ്‌ച്ച് നടക്കുകയായിരുന്ന 'താശി നാങ്കിയാല്‍' എന്ന കര്‍ഷകന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ദൂരെ ഒരിടത്ത് അപരിചിതരായ ഏതാനും പേരെ കണ്ടതില്‍ സംശയം തോന്നിയ താശി തന്‍റെ ബൈനോകുലര്‍ എടുത്ത് വീക്ഷിച്ചു. ഇതോടെയാണ് സൈനിക വേഷധാരികളായ ഏതാനും ആളുകള്‍ അവിടെ പാറ പൊട്ടിക്കുന്നതും കുഴിയെടുക്കുന്നതുമെല്ലാം താശിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ പന്തിക്കേട് തോന്നിയ താശി ഉടന്‍ തന്നെ തൊട്ടടുത്ത ഇന്ത്യന്‍ ആര്‍മിയിലെ പോസ്റ്റിലെത്തി ഇക്കാര്യം അറിയിച്ചു.
സംഭവമറിഞ്ഞ ക്യാപ്റ്റന്‍ സൗരവ് ഖാലിയ ഉടന്‍ തന്നെ അഞ്ച് സൈനികരുടെ അകമ്പടിയോടെ താശി പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. താശി പറഞ്ഞ സ്ഥലത്തെത്തിയ സൈനികര്‍ അവിടെ കണ്ടത് ആറ് കശ്‌മീര്‍ തീവ്രവാദികളെയായിരുന്നു. സ്ഥലത്തെത്തിയ തീവ്രവാദികള്‍ അവിടെ ബങ്കറുകള്‍ നിര്‍മിക്കുന്നതാണ് ഖാലിയയും സൈന്യവും കണ്ടത്. ഇന്ത്യന്‍ സൈന്യത്തെ കണ്ട തീവ്രവാദികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു.
ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. എന്നാല്‍ തനിക്ക് ചുറ്റും ആറു തീവ്രവാദികള്‍ മാത്രമല്ലെന്നും പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വലയിലാണ് തങ്ങളുള്ളതെന്ന് ഖാലിയയും സംഘവും തിരിച്ചറിയുമ്പോഴേക്കും അവരുടെ പക്കലുള്ള വെടിയുണ്ടകള്‍ മുഴുവന്‍ തീര്‍ന്ന് പോയിരുന്നു. ഉടന്‍ തന്നെ മറ്റ് ഇന്ത്യന്‍ സൈനികരെ വിവരം അറിയിച്ചെങ്കിലും സംഘം എത്തിയപ്പോഴേക്കും ഖാലിയയും സംഘവും പാകിസ്ഥാന്‍ പട്ടാളത്തിന്‍റെ കരവലയത്തിലായിരുന്നു.
യുദ്ധത്തിന്‍റെ മുഴുവന്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തിലെ അഞ്ച് പേരെയും നിഷ്‌കരുണം മര്‍ദിച്ചത്. ക്രൂര മര്‍ദ്ദനത്തിന് ഇരകളായ ആറ് സൈനികരുടെ ജീര്‍ണിച്ച മൃതശരീരം ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നതാകട്ടെ മൂന്ന് ആഴ്‌ചകള്‍ക്ക് ശേഷമായിരുന്നു. വികൃതമാക്കപ്പെട്ട നിലയില്‍ ആറ് സൈനികരുടെ മൃതദേഹം ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നത് ജൂണ്‍ 9നാണ്.
പാകിസ്ഥാന്‍ വികൃതമാക്കിയ മൃതശരീരങ്ങള്‍: സ്വന്തം കുടുംബത്തിന് പോലും അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാത്ത വിധമായിരുന്നു ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്. ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. കണ്ണുകള്‍ കുത്തിപൊട്ടിച്ചതിന് ശേഷം ചൂഴ്‌ന്നെടുത്തിരുന്നു. ശരീരമാസകലം സിഗരറ്റ് വച്ച് പൊളിച്ചതിന്‍റെയും ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊളിച്ചതിന്‍റെയും അനവധി പാടുകള്‍. ഇത്രയും ക്രൂരതകള്‍ക്ക് ഇരയാക്കിയതിന് ശേഷം പാകിസ്ഥാന്‍ അവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ആക്രമണം തീര്‍ത്തും അപ്രതീക്ഷിതം: ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവ വികാസങ്ങളാണ് രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. പാകിസ്ഥാന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും തമ്മില്‍ സമാധാന ചര്‍ച്ച നടത്തിയത്. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം ഇന്ത്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
'ഓപറേഷന്‍ വിജയ്': അഞ്ച് സൈനികരെ നിഷ്‌കരുണം കൊലപ്പെടുത്തിയ ദുരന്തത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യന്‍ സജ്ജമാകുമ്പോഴേക്കും കശ്‌മീരിലെ ദ്രാസ്, കശ്ക്കര്‍ എന്നീ മേഖലകളെല്ലാം പാകിസ്ഥാന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒട്ടും വൈകാതെ തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാനൊരുങ്ങി. പാകിസ്ഥാനെതിരെയുള്ള ഈ കടുത്ത പേരാട്ടത്തിന് ഇന്ത്യ പേരിട്ടു 'ഓപറേഷന്‍ വിജയ്'. ആകാശത്ത് നിന്നും ഇന്ത്യന്‍ സൈന്യത്തിന്‍റെ മിറാഷ് വിമാനങ്ങളും താഴ്‌വാരങ്ങളില്‍ നിന്നും കരസേനയുടെ തോക്കുകളും പാകിസ്ഥാനെതിരെ തിരിച്ചടിച്ച് കൊണ്ടിരുന്നു.
ദിവസങ്ങളോളം ഇരു രാജ്യങ്ങളുടെയും യുദ്ധം തുടര്‍ന്നു. ഇന്ത്യന്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഒടുക്കം പാകിസ്ഥാന്‍ പരാജയം സമ്മതിച്ചു. ഇതോടെ അതിര്‍ത്തി മേഖലയില്‍ പ്രധാന തന്ത്ര പ്രദേശങ്ങളെല്ലാം ഇന്ത്യക്ക് തിരിച്ച് പിടിക്കാനായെന്ന് മാത്രമല്ല. ഇവിടങ്ങളിലെ കുന്നുകളിലെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ന്നു പാറി. കാര്‍ഗിലില്‍ പാകിസ്ഥാനോട് പൊരുതി നേടിയ ഈ വിജയാഹ്ലാദം ഇന്ത്യയില്‍ എങ്ങും പടര്‍ന്നു. 84 ദിവസം തുടര്‍ന്ന് കടുത്ത പോരാട്ടത്തില്‍ ഇന്ത്യക്ക് നഷ്‌ടമായത് 527 ധീര ജവാന്മാരെയാണ്. പാക് ഭീകരര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് പോരാടിയ ധാരജവാന്മാര്‍. സ്വന്തം രാജ്യത്തിനായി പോരാടിയ ധീരരെ നിങ്ങള്‍ക്ക് ഒരിക്കലും മരണമില്ല. തലമുറകളിലൂടെ എന്നും നിങ്ങള്‍ ജീവിക്കും......