ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ രണ്ട് കേസുകളുടെ വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തൂത്തുക്കുടി കസ്റ്റഡി മരണം, ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച കേസ് എന്നിവയുടെ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
മാധ്യമ വിചാരണയും മദ്രാസ് ഹൈക്കോടതിയുടെ പക്ഷപാതപരമായ നിരന്തര ഇടപെടലും മൂലം സംസ്ഥാനത്ത് വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്ന് രണ്ട് കേസിലെയും പ്രതികൾ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ രണ്ട് കേസുകളിലും സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടക്കുന്നത്.
തൂത്തുക്കുടി കസ്റ്റഡി മരണം
ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത പി ജയരാജും മകന്‍ ബെന്നിക്‌സും സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂര മര്‍ദനത്തിനിരയാകുകയായിരുന്നു. തുടര്‍ന്ന് 2020 ജൂലൈ 23ന് ഇരുവരും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. കേസ് ഏറ്റെടുത്ത സിബിഐ സബ് ഇന്‍സ്‌പെക്‌ടറായ രഘു ഗനേഷിനും മറ്റ് എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി മദ്രാസിലെ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ലൈംഗിക അതിക്രമ കേസ്
2021 ഫെബ്രുവരിയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടാകുന്നത്. കേസ് ഏറ്റെടുത്ത സിബിഐ കഴിഞ്ഞ ജൂലൈ 29ന് വില്ലുപുരത്തെ വിചാരണ കോടതിയില്‍ 400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ പ്രതിയായ സ്പെഷ്യല്‍ ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ തടഞ്ഞതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പരാതി നല്‍കാന്‍ ചെന്നൈയില്‍ പോകുകയായിരുന്ന ഉദ്യോഗസ്ഥയെ ടോള്‍ പ്ലാസയില്‍ വച്ച് തടഞ്ഞതിന് അന്നത്തെ വില്ലുപുരം എസ്‌പിയേയും സ്പെഷ്യല്‍ ഡിജിപിക്കൊപ്പം സസ്പെന്‍ഡ് ചെയ്‌തു.
വിചാരണ മറ്റൊരിടത്തേക്ക് മാറ്റണം
തൂത്തുക്കുടി കേസില്‍ അന്വേഷണം പൂര്‍ത്തിയായി വിചാരണ തുടങ്ങിയതിന് ശേഷമാണ് വിചാരണ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ഹര്‍ജി നല്‍കിയിരിക്കുന്നത്. രഘു ഗനേഷും മറ്റ് കുറ്റാരോപിതരായ പൊലീസുകാരും ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസിന്‍റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.
അതേസമയം, ലൈംഗിക പീഡന കേസില്‍ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഡിസംബര്‍ 20നകം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിനിടയിലാണ് നെല്ലൂരിലേക്കോ തമിഴ്‌നാടിന് പുറത്തേക്ക് മറ്റെവിടേക്കെങ്കിലുമോ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
ഡിഎംകെ മുന്‍ മന്ത്രി ടി കിരുട്ടിനന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എം.കെ അളഗിരിയുടെ വിചാരണയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിചാരണയും മാത്രമാണ് ഇതുവരെ തമിഴ്‌നാടിന് പുറത്ത് നടന്നിട്ടുള്ളത്.