ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ പ്രാബല്യത്തിൽ വന്നതോടെ സബർബൻ ട്രെയിൻ സർവീസുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ യാത്രയ്ക്കാണ് സതേൺ റെയിൽവേ പരിധി നിശ്ചയിച്ചിരിക്കുന്നത്. മുൻനിര തൊഴിലാളികൾക്കും അവശ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും മാത്രമാണ് ഇനിമുതല്‍ ട്രെയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഇവര്‍ തിരിച്ചറിയൽ കാർഡുകൾ കാണിച്ചതിന് ശേഷം മാത്രമേ ട്രെയിനിൽ പ്രവേശനം അനുവദിക്കുകയുള്ളു.
Also Read: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വെയും: അസമില്‍ 1500 കോച്ചുകളെത്തിക്കും
മെയ് 20 വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് സതേൺ റെയിൽവേ അറിയിച്ചു. ചെന്നൈയിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗമാണ് സബർബൻ റെയില്‍. അതിനാല്‍ തന്നെ സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ട്രെയിനുകളിലും ബസുകളിലും 50 ശതമാനം ആളുകളെ മാത്രമേ കയറ്റാന്‍ പാടുള്ളു എന്ന് സംസ്ഥാന സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് റെയിൽവേ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.