ന്യൂഡൽഹി: നിത്യജീവിതത്തിൽ ഉപയോഗിക്കേണ്ട അടിസ്ഥാന കണക്കിൽ ധാരണയില്ലാത്ത വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം തമിഴ്‌നാട് ആണെന്ന് എൻസിഇആർടിയുടെ പഠനം. ജമ്മു കശ്‌മീർ, അസം, ഗുജറാത്ത് എന്നിവയാണ് തമിഴ്‌നാടിന് ശേഷം ഇത്തരം വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം. ഇത്തരം വിദ്യാർഥികൾക്ക് അക്കങ്ങൾ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം, പോലുള്ള ഏറ്റവും അടിസ്ഥാനപരമായ കണക്കുകൾ പോലും പൂർത്തിയാക്കാൻ കഴിയില്ല. മൂന്നാം ക്ലാസിലെ 37 ശതമാനം വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആകെ കുറഞ്ഞത് 11 ശതമാനം വിദ്യാർഥികൾക്കാണ് അടിസ്ഥാന സംഖ്യാവൈദഗ്‌ധ്യം ഇല്ലാത്തത്.
അതേസമയം, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മതിയായ അറിവും വൈദഗ്‌ധ്യവും ഉള്ളവരും സങ്കീർണമായ അടിസ്ഥാന കണക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നതുമായ വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. 'ഓറൽ റീഡിങ് ഫ്ലുവൻസി വിത്ത് റീഡിങ് കോംപ്രെഹെൻഷൻ ആൻഡ് ന്യൂമെറസി 2022' എന്ന റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. മൂന്നാം ക്ലാസ് വിദ്യാർഥികൾക്ക് അടിസ്ഥാന സാക്ഷരതയിലും സംഖ്യാശാസ്ത്രത്തിലുമുള്ള അറിവ് മനസിലാക്കുന്നതും പഠന ഫലങ്ങളുടെ വ്യാപ്‌തി അറിയുന്നതുമാണ് എൻസിഇആർടി പഠനത്തിന്‍റെ ലക്ഷ്യം.
മൂന്നാം ക്ലാസ് വിദ്യാർഥികൾക്ക് എട്ട് ഭാഷകളിലുള്ള ഓറൽ റീഡിങ് ആഗോള നിലവാരത്തിനും താഴെയാണെന്ന് പഠനം കാണിക്കുന്നു. തമിഴിൽ പഠിക്കുന്ന കുട്ടികളിൽ 42 ശതമാനം പേർക്കും അടിസ്ഥാന വായന വൈദഗ്‌ധ്യം ഇല്ല. ഒരു ആൺകുട്ടി ശരാശരി ഒരു മിനിട്ടിൽ 16 വാക്കുകൾ മാത്രമാണ് ശരിയായി വായിക്കുന്നത്. പെൺകുട്ടികളിൽ ഇത് 18 ആണ്.
ഖാസി, ബംഗാളി, മിസോ, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വായിക്കുന്ന കുട്ടികൾ ഓറൽ റീഡിങ്ങിൽ ഉയർന്ന നിലവാരം പ്രകടിപ്പിച്ചു. 2026-2027ഓടെ മൂന്നാം ക്ലാസിലെ എല്ലാ വിദ്യാർഥികളെയും അടിസ്ഥാന വൈദഗ്‌ധ്യം നേടുന്നതിന് പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ 2021ൽ വിദ്യാഭ്യാസ മന്ത്രാലയം വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം (NIPUN) ആരംഭിച്ചിരുന്നു. കുട്ടികളിലെ അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രത്തിലുള്ള അറിവും മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസവും എൻസിഇആർടിയും സംയുക്തമായി ഈ വർഷം മാർച്ചിൽ അടിസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച പഠനവും ആരംഭിച്ചിരുന്നു.
10,000 സംസ്ഥാന സർക്കാർ, സർക്കാർ-എയ്‌ഡഡ്, സ്വകാര്യ, കേന്ദ്ര സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള മൂന്നാം ക്ലാസിലെ 86,000 വിദ്യാർഥികളാണ് പഠനത്തിൽ പങ്കെടുത്തത്. അധ്യാപന മാധ്യമമായി ഉപയോഗിക്കുന്ന അസമീസ്, ബംഗാളി, ബോഡോ, ഇംഗ്ലീഷ്, ഗാരോ, ഗുജറാത്തി, ഹിന്ദി, കന്നഡ, ഖാസി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, മിസോ, നേപ്പാളി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 20 ഭാഷകളിലായിരുന്നു പഠനം.
പഠനമനുസരിച്ച് 52 ശതമാനം വിദ്യാർഥികൾ 70ന് മുകളിൽ സ്‌കോർ നേടി. ഇതിൽ 40 ശതമാനവും 70നും 83നും ഇടയിൽ സ്‌കോർ നേടിയവരാണ്. ഇവർക്ക് അടിസ്ഥാനപരമായ കണക്കുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 10 ശതമാനം വിദ്യാർഥികളാണ് 84നും അതിനുമുകളിലും സ്‌കോർ നേടിയത്. ഇവർക്ക് അവരുടെ അറിവും വൈദഗ്‌ധ്യവും ഉപയോഗിച്ച് സങ്കീർണമായ അടിസ്ഥാന കണക്കുകൾ പൂർത്തിയാക്കാൻ കഴിയും.
പഠനത്തിനായി തെരഞ്ഞെടുത്ത കുട്ടികൾക്ക് സംഖ്യ തിരിച്ചറിയൽ, സംഖ്യ തരംതിരിക്കൽ, സങ്കലനം, വ്യവകലനം, ഹരണം, ഗുണനം, ഭിന്നസംഖ്യകൾ, സംഖ്യകളും ആകൃതികളും അടങ്ങുന്ന പാറ്റേണുകൾ തിരിച്ചറിയൽ തുടങ്ങിയ കൃത്യങ്ങൾ പഠനത്തിന്‍റെ ഭാഗമായി ചെയ്യിപ്പിച്ചു. ഇവ ഒരു ടെസ്റ്റ് അഡ്‌മിനിസ്ട്രേറ്റർ വിലയിരുത്തിയാണ് പഠനഫലങ്ങൾ തയാറാക്കിയത്.