ചെന്നൈ: ടെക്സ്റ്റൈൽ ഷോറൂമുകൾ, ജ്വല്ലറികൾ എന്നിവ വീണ്ടും തുറക്കാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ന്( ജൂൺ 28) മുതൽ സംസ്ഥാനത്തെ 23 ജില്ലകളിൽ ടെക്സ്റ്റൈൽ ഷോറൂമുകൾ, ജ്വല്ലറികൾ എന്നി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
read more:തമിഴ്‌നാട്ടിൽ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍
എല്ലാത്തരം തുണിക്കടകളും സ്വർണക്കടകളും പരമാവധി 50 ശതമാനം ഉപഭോക്താക്കളെ അനുവദിച്ചുകൊണ്ട് പ്രവർത്തിക്കും. കൂടാതെ ചെന്നൈയിലും മറ്റ് മൂന്ന് ജില്ലകളിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ കഴിയും. 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി അന്തര്‍ ജില്ല ബസ് സര്‍വീസ് പുനരാരംഭിക്കും.
ചില നിയന്ത്രണങ്ങൾ തുടരും
ചെന്നൈയിലും ചെംഗൽപേട്ട് ഉൾപ്പെടെ സമീപത്തുള്ള മൂന്ന് ജില്ലകളിലും മാത്രമാണ് നിലവില്‍ പൊതു ബസ് സര്‍വീസുള്ളത്. അതേസമയം മറ്റ് നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ തുടരാനും സർക്കാർ തീരുമാനിച്ചു. ബാറുകളും സിനിമാശാലകളും അടഞ്ഞ് കിടക്കും.
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി 38 ജില്ലകളെ മൂന്ന് പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രമീകരണം. 27 ജില്ലകളില്‍ ജിം, യോഗ സെന്‍ററുകൾ (50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം), മ്യൂസിയങ്ങൾ, സംരക്ഷിത സ്മാരകങ്ങൾ എന്നിവ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറക്കും.