ചെന്നൈ : തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് 6,000 രൂപ സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (TN CM MK Stalin Announced Rs 6000 Relief to Cyclone Michaung Affected people). റേഷൻ കടകൾ വഴിയാകും ഈ ധനസഹായം നൽകുക. പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഐഎഎസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പ്രളയക്കെടുതിയിൽ തുടർനടപടികൾ എന്തൊക്കെയെന്നും നഷ്‌ടപരിഹാരം നൽകേണ്ട തുകയെക്കുറിച്ചുമുള്ള ആലോചനകളാണ് യോഗത്തിൽ നടന്നത്.
ഇതോടൊപ്പം കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ടപരിഹാര തുക 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്താനും യോഗത്തിൽ തീരുമാനമായി. മഴക്കെടുതിയിൽ 33 ശതമാനമോ അതിൽ കൂടുതലോ നശിച്ച നെല്ല് ഉൾപ്പെടെയുള്ള വിളകൾക്ക് നഷ്‌ടപരിഹാര തുക ഹെക്‌ടറിന് 13,500 രൂപയിൽ നിന്ന് 17,000 രൂപയായി ഉയർത്താനും, 33 ശതമാനവും അതിൽ കൂടുതലും നാശമുണ്ടായ മറ്റ് വിളകൾക്കുള്ള നഷ്‌ടപരിഹാരം ഹെക്റിടന് 18,000 രൂപയിൽ നിന്ന് 22,500 രൂപയായി ഉയർത്താനും മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു.
കാളകളും പശുക്കളും ഉൾപ്പെടെയുള്ള കന്നുകാലികളുടെ മരണത്തിനുള്ള നഷ്‌ടപരിഹാരം 30,000 രൂപയിൽ നിന്ന് 37,500 രൂപയായി ഉയർത്താനും യോഗത്തിൽ തീരുമാനിച്ചു. വെള്ളപ്പൊക്കത്തിൽ ആടുകളും ചെമ്മരിയാടുകളും ചത്താൽ 3,000 മുതൽ 4,000 രൂപ വരെ നൽകാനും തീരുമാനമുണ്ട്.
Also Read: മിഷോങ് പോയിട്ടും വെള്ളമിറങ്ങാതെ ചെന്നൈ... തമിഴ്‌നാട്ടിലെ മിക്ക ജില്ലകളും മഴദുരിതത്തില്‍
കേടായ ബോട്ടുകൾക്കും മത്സ്യബന്ധന വലകൾക്കുമുള്ള ദുരിതാശ്വാസ സഹായത്തിന്‍റെ കാര്യത്തിലും യോഗത്തിൽ തീരുമാനമായി. പൂർണമായി കേടായ യന്ത്രവത്‌കൃതം അല്ലാത്ത ബോട്ടുകൾക്ക് പരമാവധി സബ്‌സിഡി ഒരു ലക്ഷം രൂപയും, പൂർണമായി കേടായ യന്ത്രവത്‌കൃത ബോട്ടുകൾക്ക് പരമാവധി സബ്‌സിഡി 5 ലക്ഷം മുതൽ 7.50 ലക്ഷം രൂപയും, കേടായ മത്സ്യബന്ധന വലകൾക്കുള്ള ആശ്വാസം 10,000 മുതൽ 15,000 രൂപ വരെയായും വർധിപ്പിച്ചു.